കൊളംബോ : ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ (Asia Cup 2023) ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക (India vs Sri Lanka) പോരാട്ടത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധക ലോകം. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
2018-ന് ശേഷം ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയെ വീണ്ടും ഏഷ്യ കപ്പ് വിജയത്തിലേക്ക് നയിക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വമ്പന്‍ പോരാട്ടത്തില്‍ ഹിറ്റ്‌മാനെക്കാത്ത് നിരവധി വ്യക്തിഗത റെക്കോഡുകളുമുണ്ട്. അവ ഏതൊക്കെയെന്നറിയാം.
സച്ചിനെ മറികടക്കാം (Rohit Sharma Set To Surpass Sachin Tendulkar Asia Cup Record): ഏഷ്യ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടക്കാന്‍ വെറും 33 റണ്‍സ് അകലം മാത്രമാണ് രോഹിത് ശര്‍മയ്‌ക്ക് ഉള്ളത്.
23 മത്സരങ്ങളില്‍ നിന്നും 971 റണ്‍സാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar ) നേടിയിട്ടുള്ളത്. 51.10 ശരാശരിയില്‍ രണ്ട് സെഞ്ചുറികളും ഏഴ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണ് സച്ചിന്‍റെ പ്രകടനം. രോഹിത്തിന്‍റെ അക്കൗണ്ടില്‍ 27 മത്സരങ്ങളില്‍ നിന്നും 939 റണ്‍സാണ് നിലവിലുള്ളത്.
അപൂര്‍വ റെക്കോഡിന് അരികെ : ശ്രീലങ്കയ്‌ക്ക് എതിരെ 61 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ഏഷ്യ കപ്പില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടവും രോഹിത്തിന് സ്വന്തമാക്കാം.
കരിയറിലെ 250-ാം ഏകദിനം (Rohit Sharma ODI matches) : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ഫൈനല്‍ രോഹിത് ശര്‍മയുടെ ഏകദിന കരിയറിലെ 250-ാം മത്സരമാണ്. മത്സരത്തിനിറങ്ങിയാല്‍ ഏകദിനത്തില്‍ 250 മത്സരങ്ങള്‍ തികയ്‌ക്കുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമായി രോഹിത്തിന് മാറാം.
എലൈറ്റ് പട്ടികയില്‍ ധോണിക്കും അസ്ഹറുദ്ദീനുമൊപ്പം : ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ മുന്‍ നായകന്മാരായ എംഎസ് ധോണി (MS Dhoni) , മുഹമ്മദ് അസ്ഹറുദ്ദീൻ (Mohammad Azharuddin) എന്നിവര്‍ മാത്രം ഉള്‍പ്പെട്ട ഒരു എലൈറ്റ് പട്ടികയില്‍ ഇടം നേടാന്‍ രോഹിത്തിന് കഴിയും. രണ്ട് തവണ ഏഷ്യ കപ്പ് വിജയിച്ച ഇന്ത്യന്‍ നായകന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് രോഹിത്തിന് സ്വന്തമാവുക.
ALSO READ:Sanjay Bangar On Shreyas Iyer : 'അവനെ കളിപ്പിച്ച് റിസ്‌ക് എടുക്കാന്‍ മാനേജ്‌മെന്‍റ് തയ്യാറാവില്ല' ; ഇഷാന്‍-ശ്രേയസ് ചര്‍ച്ചകളില്‍ സഞ്ജയ് ബാംഗര്‍
1991, 1995 വര്‍ഷങ്ങളില്‍ ഏഷ്യ കപ്പ് വിജയിച്ച മുഹമ്മദ് അസ്ഹറുദ്ദീനാണ് പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നായകന്‍. പിന്നീട് 2012, 2016 വര്‍ഷങ്ങളില്‍ എംഎസ് ധോണി ആ നേട്ടം സ്വന്തമാക്കി. 2018-ലായിരുന്നു രോഹിത് ഇന്ത്യയ്‌ക്ക് ഏഷ്യ കപ്പ് നേടിക്കൊടുത്തത്.