മുംബൈ:ഇന്ത്യന്‍ പ്രീമില്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നുണ്ട്. ഐപിഎൽ 2023ന് ശേഷം ധോണി വിരമിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഈ വര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ.
ഐപിഎല്ലിന്‍റെ കുറച്ച് സീസണുകളില്‍ കൂടെ കളിക്കാന്‍ 41കാരനായ ധോണി ഫിറ്റാണെന്നാണ് രോഹിത് പറയുന്നത്. 'ഇത് എംഎസ് ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഞാൻ കേൾക്കുന്നുണ്ട്. കുറച്ച് സീസണുകൾ കൂടി കളിക്കാൻ ധോണി ഫിറ്റാണെന്നാണ് ഞാൻ കരുതുന്നത്' രോഹിത് ശര്‍മ പറഞ്ഞു.
ഐപിഎല്ലിന്‍റെ 16ാം സീസണിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ നടത്തിയ പ്രീ-സീസൺ വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത്തിന്‍റെ പ്രതികരണം. മുംബൈ കോച്ച് മാർക്ക് ബൗച്ചറും രോഹിത്തിനൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 2020ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ഇന്ത്യയുടെ മുന്‍ നായകനായ ധോണി ഐപിഎല്ലില്‍ സജീവമാണ്.
2008ലെ പ്രഥമ സീസണ്‍ തൊട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ പ്രധാന താരമാണ് ധോണി. ഫ്രാഞ്ചൈസിയെ നാല് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാനും ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രഥമ സീസണില്‍ തന്നെ ധോണിക്ക് കീഴില്‍ ചെന്നൈ ഫൈനലിലെത്തിയങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റു.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2010ലാണ് ഫ്രാഞ്ചൈസി തങ്ങളുടെ കന്നി കിരീടം നേടുന്നത്. പിന്നീട് 2011ലും ധോണിയും സംഘവും വിജയം ആവര്‍ത്തിച്ചു. 2013ല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ചെന്നൈ വിലക്ക് ലഭിച്ചപ്പോള്‍ റൈസിങ് പൂനെ ജയന്‍റ്സിലേക്ക് ധോണി മാറിയിരുന്നു. എന്നാല്‍ 2018ല്‍ ചെന്നൈ തിരിച്ചെത്തിയപ്പോള്‍ നായകനായി ധോണിയും മടങ്ങിയെത്തി.
ഈ സീസണിലും ചെന്നൈ ഐപിഎല്‍ ചാമ്പ്യന്മാരായി. 2021ലാണ് ചെന്നൈ അവസാന കിരീടം നേടിയത്. 2020 സീസണില്‍ ഏഴാം സ്ഥാനക്കാരായിരുന്ന സംഘത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഇത്. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ ചെന്നൈയുടെ ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്‌ക്ക് നല്‍കിയിരുന്നുവെങ്കിലും ടീം തുടര്‍ തോല്‍വികള്‍ക്ക് വഴങ്ങിയതോടെ തല്‍സ്ഥാനത്തേക്ക് ധോണി തിരികെ എത്തിയിരുന്നു.
ഈ സീസണിലും ധോണിക്ക് കീഴിലിറങ്ങുന്ന ചെന്നൈക്ക് പ്രതീക്ഷ ഏറെയാണ്. ചെന്നൈക്കായി ഇതേവരെ കളിച്ച 234 മത്സരങ്ങളിൽ നിന്ന് 4978 റൺസാണ് താരം നേടിയിട്ടുള്ളത്. അതേസമയം ഐപിഎൽ 2023 സീസണോടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന സൂചന എംഎസ് ധോണി നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്.
ടൂർണമെന്‍റിന്‍റെ ഭാഗമായി രാജ്യത്തുടനീളം സഞ്ചരിച്ച് ആരാധകരോട് വിടപറയാൻ ആഗ്രഹിക്കുന്നുവെന്ന് ഇതിഹാസ താരം കഴിഞ്ഞ സീസണില്‍ സൂചിപ്പിച്ചിരുന്നു. കൊവിഡിന്‍റെ ഇടവേളയ്‌ക്ക് ശേഷം ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് തിരികെയെത്തുന്ന സീസണാണിത്. വിരമിക്കലിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ മെന്‍ററായി ധോണിയെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്.
ALSO READ:സച്ചിന്‍ രണ്ടാം സ്ഥാനത്ത്; ഏറ്റവും അപകടകാരിയായ ഇന്ത്യന്‍ ബാറ്ററെ തെരഞ്ഞെടുത്ത് അബ്‌ദുള്‍ റസാഖ്