മൊഹാലി : പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല 14 മാസങ്ങള്‍ക്ക് ശേഷം ടി20 ക്രിക്കറ്റിലേക്കുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) തിരിച്ചുവരവ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ താരം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിലും ആവര്‍ത്തിക്കുന്നത് കാണാനായിരുന്നു ആരാധകരും കാത്തിരുന്നത്. എന്നാല്‍, ഓട്ടത്തിനിടയിലെ ആശയക്കുഴപ്പത്തിന് തന്‍റെ വിക്കറ്റിന്‍റെ വിലയായിരുന്നു രോഹിതിന് നല്‍കേണ്ടി വന്നത് (Rohit Run Out).
റണ്‍ ഔട്ടിന് പിന്നാലെ സഹ ഓപ്പണറായ ശുഭ്‌മാന്‍ ഗില്ലിനെ (Shubman Gill) പഴിച്ചുകൊണ്ടായിരുന്നു രോഹിത് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. തന്‍റെ തെറ്റിനാണ് രോഹിത് ഗില്ലിനെ വിമര്‍ശിക്കുന്നത് എന്നായിരുന്നു ആരാധകരുടെ വാദം. എന്നാല്‍, മത്സരത്തിന് ശേഷം രോഹിത് ശര്‍മ തന്നെ തന്‍റെ റണ്‍ ഔട്ടിനെ കുറിച്ച് സംസാരിച്ചിരുന്നു.
'ക്രിക്കറ്റില്‍ ഇതൊക്കെ സംഭവിക്കുന്ന കാര്യങ്ങളാണ്. എങ്കിലും, ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉറപ്പായും നിരാശ തോന്നും. ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴെല്ലാം തന്നെ ടീമിനായി റണ്‍സ് കണ്ടെത്താനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്.
നാം കരുതുന്നത് പോലെ തന്നെ എല്ലാം നടക്കണമെന്നില്ല. മത്സരത്തില്‍ ജയം നേടാന്‍ സാധിച്ചു എന്നതാണ് മറ്റ് എന്തിനെക്കാളും പ്രധാനം. ഗില്‍ മത്സരത്തില്‍ ഉടനീളം ബാറ്റ് ചെയ്യണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍, മികച്ച ചെറിയ ഒരു ഇന്നിങ്സ് കളിച്ചാണ് അവന്‍ പുറത്തായത്' രോഹിത് ശര്‍മ പറഞ്ഞു.
ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ ആയിരുന്നു രോഹിത് പുറത്താകുന്നത്. ഫസല്‍ഹഖ് ഫറൂഖിയെറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ രോഹിത് റണ്‍സ് ഒന്നും നേടിയിരുന്നില്ല. രണ്ടാം പന്ത് ക്രീസ് വിട്ട് ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ മിഡ് ഓഫിലേക്കാണ് പന്ത് പായിച്ചത്. രോഹിതിന്‍റെ ഷോട്ട് ഇബ്രാഹിം സദ്രാന്‍ ഡൈവ് ചെയ്‌തായിരുന്നു തടഞ്ഞിട്ടത്.
പന്തിന്‍റെ ഗതിയും അഫ്‌ഗാന്‍ ഫീല്‍ഡിങ്ങും കൃത്യമായി നിരീക്ഷിച്ച നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന ശുഭ്‌മാന്‍ ഗില്‍ റണ്‍സിനായി ഓടേണ്ട എന്ന് ആംഗ്യം കാണിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, അപ്പോഴേക്കും രോഹിത് നോണ്‍ സ്ട്രൈക്ക് എന്‍ഡിലേക്ക് ഓടിയെത്തുകയും ചെയ്‌തു. ഇതോടെ, ഇബ്രാഹിം സദ്രാന്‍ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസിന് പന്ത് കൈമാറുകയും, ബാറ്റിങ് എന്‍ഡിലേക്ക് എത്താന്‍ ഒരു അവസരവും നല്‍കാതെ അഫ്‌ഗാന്‍ രോഹിതിനെ റണ്‍ ഔട്ട് ആക്കുകയുമായിരുന്നു.
Also Read :മൊഹാലിയിലെ മാസ്റ്റര്‍ക്ലാസ്, നായകന്‍റെ അഭിനന്ദനം; വെളിപ്പെടുത്തലുമായി ശിവം ദുബെ