മുംബൈ:2022-ലെ ടി20 ലോകകപ്പിന്‍റെ സെമി ഫൈനല്‍ മത്സരത്തില്‍ ദയനീയ തോല്‍വി വഴങ്ങിക്കൊണ്ടായിരുന്നു ഇന്ത്യയുടെ പുറത്താവല്‍. ഇതിന് പിന്നാലെ സ്‌പെഷ്യലിസ്റ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ടി20 ടീം ഉടച്ച് വാര്‍ക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്‍റ്. സീനിയര്‍ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഫോർമാറ്റ് വിട്ടിട്ടില്ലെങ്കിലും, ടി20 ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത് തുടരുകയാണ്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ഒരു പറ്റം യുവതാരങ്ങളാണ് നിലവില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ക്രിക്കറ്റിന്‍റെ മറ്റ് രണ്ട് ഫോര്‍മാറ്റിലും രോഹിത് ശര്‍മയ്‌ക്ക് കീഴിലാണ് ഇന്ത്യ കളിക്കുന്നത്. ഈ വര്‍ഷം സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ രോഹിത്തിന്‍റെ ഭാവി സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്. എന്നാല്‍ തന്‍റെ കരിയറുമായി ബന്ധപ്പെട്ട് ഒരു നിര്‍ണായ സൂചന നല്‍കിയിരിക്കുകയാണ് 36-കാരനായ രോഹിത് ശര്‍മ (Rohit Sharma). 2024-ലെ ടി20 ലോകകപ്പിനായി കാത്തിരിക്കുകയാണെന്നാണ് ഹിറ്റ്‌മാന്‍ പറയുന്നത്.
അമേരിക്കയില്‍ വച്ചുള്ള ഒരു പരിപാടിക്കിടെ രോഹിത് ഇക്കാര്യം പറഞ്ഞത് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് 2024-ലെ ടി20 ലോകകപ്പ് നടക്കുന്നത്. "വെറുതെ ഉല്ലാസത്തിനായുള്ള ഒരു യാത്ര എന്നതിലുപരി, ഇവിടെ (യുഎസ്എയിൽ) വരാൻ മറ്റൊരു കാരണമുണ്ട്.
ലോകകപ്പ് വരുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാം. 2024-ജൂണില്‍ ലോകത്തിന്‍റെ ഈ ഭാഗത്താണ് ടി20 ലോകകപ്പ് നടക്കുക. അതിനാൽ, എല്ലാവരും ആവേശഭരിതരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളും അതിനായി കാത്തിരിക്കുകയാണ്" -വിഡിയോയില്‍ രോഹിത് പറയുന്നതായി കേള്‍ക്കാം.