സിഡ്‌നി: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ബാറ്റമാരുടെയും ബോളർമാരുടെയും തകർപ്പൻ പ്രകടനത്തിലൂടെ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ അർധ സെഞ്ച്വറി നേടിയിരുന്നു. ഇപ്പോൾ തന്‍റെ അർധ സെഞ്ച്വറി പ്രകടനത്തിൽ പൂർണ സന്തോഷവാനല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
'സത്യം പറഞ്ഞാൽ ഇതൊരു സമ്പൂർണ വിജയമായിരുന്നു. ഞാനും കോലിയും തുടക്കത്തിൽ പതിയെയാണ് കളിച്ചത്. ഞങ്ങളുടെ പദ്ധതിയും അത് തന്നെയായിരുന്നു. വലിയ ഷോട്ടുകൾ കളിക്കാൻ ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു. എന്‍റെ ഫിഫ്‌റ്റിയിൽ ഞാൻ അത്ര സന്തോഷവാനല്ല. എന്നാൽ റണ്‍സ് നേടുക എന്നതാണ് ഏറെ പ്രധാനം. അവ നല്ല ഷോട്ടുകളിലൂടെയാണോ മോശം ഷോട്ടുകളിലൂടെയാണോ നേടുന്നത് എന്നത് പ്രശ്‌നമല്ല'. രോഹിത് പറഞ്ഞു.
'ഞങ്ങളുടെ ഭാഗ്യമെന്തെന്നാൽ പാകിസ്ഥാനെതിരായ ആ പ്രത്യേക വിജയത്തെ മറികടക്കാൻ ഞങ്ങൾക്ക് കുറച്ച് ദിവസങ്ങൾ കൂടി ലഭിച്ചു. മത്സരം അവസാനിച്ചയുടൻ ഞങ്ങൾ സിഡ്‌നിയിലെത്തി വീണ്ടും സംഘടിച്ചു. അടുത്ത മത്സരത്തിൽ വിജയിച്ച് രണ്ട് പോയിന്‍റുകൾ നേടുക എന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. എതിരാളികളെ കുറിച്ച് ചിന്തിക്കാതെ സ്വയം എന്ത് ചെയ്യാൻ കഴിയും എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ'. രോഹിത് കൂട്ടിച്ചേർത്തു.
അതേസമയം നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ 56 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലാൻഡ്‌സ് 123 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. വിജയത്തോടെ രണ്ടാം ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തി. ഞായറാഴ്‌ച കരുത്തരായ ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.