മുംബൈ:രോഹിത് ശര്‍മയുടെ രാജ്യാന്തര ടി20 കരിയറാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം (Rohit Sharma T20I Career). ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കഴിഞ്ഞ ദിവസം രോഹിത് ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു (Rohit Sharma T20I Retirement Rumor). രോഹിതിന്‍റെ സ്വന്തം തീരുമാനമാണ് ഇതെന്നും ഇക്കാര്യം ബിസിസിഐ ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറുമായി അദ്ദേഹം ചര്‍ച്ച ചെയ്‌തിരുന്നുവെന്നുമാണ് പുറത്തുവന്ന പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ട്.
ഇതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പിലും രോഹിത് കളിച്ചേക്കില്ലെന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ ഉടലെടുത്തിട്ടതുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്ത്യയുടെ ടി20 ടീമില്‍ രോഹിതിന് അവസരം ലഭിച്ചിരുന്നില്ല. 2022 ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ പത്ത് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ മത്സരത്തിലാണ് രോഹിത് ശര്‍മ അവസാനമായി കളിച്ചത്.
രാജ്യാന്തര ടി20 ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് രോഹിത് ശര്‍മ അഭിപ്രായപ്പെട്ടെങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പിലും (T20 World Cup 2024) താരത്തെ ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2024 ജൂണ്‍ മാസത്തില്‍ വിന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കുന്നത്. രോഹിത് ടി20 മതിയാക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലായിരിക്കും ടീം ഇന്ത്യ ലോകകപ്പിന് ഇറങ്ങുക എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.