സെഞ്ചൂറിയന്‍ : ഏകദിന ലോകകപ്പിന്‍റെ ഇടവേള അവസാനിപ്പിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന് ഇറങ്ങിയത്. സെഞ്ചൂറിയനിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യയ്‌ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടിയും വന്നു. സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പില്‍ വമ്പന്‍ പ്രകടനം നടത്തിയ രോഹിത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍ 36-കാരനായ താരം തീര്‍ത്തും നിരാശപ്പെടുത്തി. സാഹചര്യം മുതലെടുക്ക് ന്യൂബോളില്‍ വിറപ്പിക്കാന്‍ ശ്രമം നടത്തിയ പ്രോട്ടീസ് പേസര്‍മാരെ മികച്ച രീതിയില്‍ തന്നെയായിരുന്നു രോഹിത് തുടക്കത്തില്‍ നേരിട്ടത്. എന്നാല്‍ പിന്നീട് വിക്കറ്റ് തുലച്ച താരം ആരാധകരെ ഏറെ നിരാശപ്പെടുത്തി. കാഗിസോ റബാഡയ്‌ക്കെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ശ്രമം ഫൈന്‍ ലെഗില്‍ നന്ദ്രേ ബര്‍ഗറുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
14 പന്തില്‍ വെറും 5 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ കഴിഞ്ഞത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പുള്‍ ഷോട്ടില്‍ സിക്‌സര്‍ പറത്തുന്ന രോഹിത്തിന് ആരാധകര്‍ വമ്പന്‍ കയ്യടി തന്നെ നല്‍കാറുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തായി നിരവധി തവണ രോഹിത് പുള്‍ ഷോട്ടില്‍ വീണിട്ടുണ്ട്. 2021 മുതല്‍ക്ക് വിദേശ മണ്ണില്‍ കളിച്ച അവസാന 20 ടെസ്റ്റ് ഇന്നിങ്‌സുകളിലും 7 തവണ പുള്‍ ഷോട്ടോ അല്ലെങ്കില്‍ ഹുക്ക് ഷോട്ടോ കളിച്ച് രോഹിത് പുറത്തായിട്ടുണ്ടെന്നാണ് ചിലര്‍ കണക്ക് നിരത്തിയിരിക്കുന്നത്. (Rohit Sharma Pull shot wickets in Test)