ഗുവാഹത്തി: ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതിരുന്ന ശ്രീലങ്കയ്‌ക്ക് നായകന്‍ ദാസുന്‍ ഷനകയുടെ സെഞ്ചുറി പ്രകടനം ആശ്വസിക്കാനുള്ള വകയാണ്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 161 റൺസിന് തങ്ങളുടെ പകുതിയോളം വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയിരുന്നു. എന്നാല്‍ 88 പന്തിൽ 108 റണ്‍സെടുത്ത ഷനക കടുത്ത പോരാട്ടവീര്യമാണ് സംഘത്തിന്‍റെ തോല്‍വി ഭാരം കുറച്ചത്.
സെഞ്ചുറിക്ക് അരികെ നില്‍ക്കെ ഷനകയെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ബോളര്‍ മുഹമ്മദ് ഷമി റണ്ണൗട്ട് ആക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇടപെട്ടാണ് ഷമിയുടെ 'മങ്കാദിങ്' അപ്പീല്‍ പിന്‍വലിച്ചത്. ഇതോടെയാണ് ലങ്കന്‍ നായകന് മൂന്നക്കം തൊടാനായത്.
ഇപ്പോഴിതാ ഷനകയ്‌ക്ക് എതിരായ അപ്പീല്‍ പിന്‍വലിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഷമി ചെയ്തതിനെക്കുറിച്ച് തനിക്ക് യാതൊരു മുന്‍ അറിവുമില്ലായിരുന്നു എന്നാണ് രോഹിത് മത്സരത്തിന് ശേഷം പ്രതികരിച്ചിരിക്കുന്നത്.
"ഷനക 98 റണ്‍സുമായി നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരത്തെ അത്തരത്തില്‍ പുറത്താക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല". രോഹിത് പറഞ്ഞു. സെഞ്ചുറി പ്രകനത്തിന് ലങ്കന്‍ നായകനെ രോഹിത് അഭിനന്ദിക്കുകയും ചെയ്‌തു.
ലങ്കന്‍ ഇന്നിങ്‌സിന്‍റെ അവാന ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിക്കുമ്പോള്‍ സെഞ്ചുറി തികയ്‌ക്കാനായി ഷനകയ്‌ക്ക് അഞ്ച് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഷമിയുടെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ ഷനകയ്‌ക്ക് രണ്ടാം പന്തില്‍ റണ്‍സെടുക്കാനയില്ല. മൂന്നാം പന്തില്‍ സിംഗളെടുത്ത താരം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ എത്തി.