സെഞ്ചൂറിയന്‍:ഇന്ത്യ- ദക്ഷിണാഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റിന് തുടക്കമായിരിക്കുകയാണ്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്‌പ്രീത് ബുംറ തുടങ്ങിയവര്‍ മടങ്ങിയെത്തിയിട്ടുണ്ട്.
എന്നാല്‍ പ്ലേയിങ് ഇലവനില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. താരത്തിന്‍റെ അസാന്നിധ്യം ഏറെ വേഗം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരു പോലെ തിളങ്ങാന്‍ കഴിയുന്ന 35-കാരനെ എന്തിന് പുറത്തിരുത്തിയെന്നും ചില ആരാധകര്‍ ചോദ്യമുയര്‍ത്തുകയും ചെയ്‌തു.
ഇപ്പോഴിത ഇടങ്കയ്യന്‍ സ്‌പിന്നറെ പുറത്തിരുത്താനുള്ള കാരണം വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. (Rohit Sharma on Ravindra Jadeja Absence in South Africa vs India boxing day test). നടുവേദനയെത്തുടര്‍ന്നാണ് രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇരുന്നതെന്നാണ് രോഹിത് പറഞ്ഞത്.
ഇതു സംബന്ധിച്ച് ഇന്ന് രാവിലെ രവീന്ദ്ര ജഡേജ പരാതിപ്പെട്ടുവെന്നും രോഹിത് വ്യക്തമാക്കി. അതേസമയം ഒരു സ്‌പിന്നറും നാല് പേസര്‍മാരുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ബോക്‌സിങ് ഡേ ടെസ്റ്റിന് ഇറങ്ങിയിരിക്കുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം പ്രീമിയർ ഓഫ് സ്പിന്നർ ആർ അശ്വിനാണ് ടീമിലിടം നേടിയത്.
ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ് യൂണിറ്റില്‍ ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മജ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവരാണുള്ളത്. പ്രസിദ്ധ് കൃഷ്‌ണയുടെ അരങ്ങേറ്റ ടെസ്റ്റാണിത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജസ്‌പ്രീത് ബുംറയാണ് പ്രസിദ്ധിന് ക്യാപ് നല്‍കിയത്.