കാന്‍ഡി :ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധക ലോകം. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഒരു ദശാബ്ദത്തിലേറെയായി ഉഭയകക്ഷി പരമ്പര കളിക്കാത്ത ഇരു ടീമുകളും പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് പരസ്‌പരം മത്സരിക്കുന്നത്. ഇതോടെ ഓരോ തവണ പരസ്‌പരമെത്തുമ്പോഴും കളിക്കളത്തിനകത്തും പുറത്തും ആവേശം പതിന്മടങ്ങ് കൂടും.
നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും പാകിസ്ഥാന്‍റെ ബോളിങ് നിരയും തമ്മിലായിരിക്കും പ്രധാന പോരാട്ടമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli) ശുഭ്‌മാന്‍ ഗില്ലും (Shubman Gill) ഉള്‍പ്പെടുന്ന ഇന്ത്യയുടെ ബാറ്റിങ് നിരയ്‌ക്ക് ലോകത്തെ ഏറ്റവും മികച്ച പേസ് യൂണിറ്റായ ഷഹീൻ അഫ്രീദി(Shaheen Afridi), ഹാരിസ് റൗഫ് (Haris Rauf) , നസീം ഷാ ( Naseem Shah) എന്നിവരിലൂടെയാണ് പാകിസ്ഥാന്‍ മറുപടി ഒരുക്കിയിരിക്കുന്നത്.
മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന്‍റെ പേസ് നിര ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ് (Rohit Sharma On Pakistan's Pace Bowling). പാകിസ്ഥാന്‍റെ പേസ് നിരയുടെ നിലവാരം മികച്ചതാണ്. എന്നാല്‍ തങ്ങളുടെ അനുഭവ സമ്പത്തിലൂടെ അവര്‍ക്ക് മറുപടി നല്‍കുമെന്നുമാണ് രോഹിത്തിന്‍റെ വാക്കുകള്‍.
"നോക്കൂ, നെറ്റ്സിൽ പരിശീലനത്തിനായി ഞങ്ങൾക്ക് ഷഹീനോ നസീമോ റൗഫോ ഇല്ല. ലഭ്യമായവര്‍ക്കൊപ്പമാണ് ഞങ്ങൾ പരിശീലിക്കുന്നത്. അവരെല്ലാം നിലവാരമുള്ള ബോളര്‍മാരുമാണ്.