ഡല്‍ഹി : വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) പ്രഥമ പതിപ്പിന് മുന്നോടിയായുള്ള താരലേലം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ തന്‍റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനെ അഭിനന്ദിച്ച് രോഹിത് ശര്‍മ. 'നമ്മുടെ കുടുംബം ഇപ്പോൾ വലുതും ശക്തവുമാണ്' എന്ന് രോഹിത് ട്വീറ്റ് ചെയ്‌തു. വനിത ടീമിനെ നീലയും സ്വർണ നിറവും കലര്‍ന്ന മുംബൈയുടെ കുപ്പായത്തില്‍ കാണാൻ കാത്തിരിക്കുകയാണെന്നും പുരുഷ ടീമിന്‍റെ നായകന്‍ കൂടിയായ രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗര്‍ ഉള്‍പ്പടെയുള്ള താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് ലേലത്തിലൂടെ സ്വന്തമാക്കിയത്. 1.80 കോടി രൂപയാണ് മുംബൈ ഹര്‍മനായി മുടക്കിയത്. ശക്തമായ ലേലം വിളിയാണ് 33കാരിയായ ഹര്‍മനായി നടന്നത്.
താരത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മുംബൈയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിയത് ഡല്‍ഹി കാപിറ്റല്‍സാണ്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ നതാലി സ്‌കിവര്‍, ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ അമേലിയ കെര്‍, ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പൂജ വസ്‌ത്രാകര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യാസ്‌തിക ഭാട്ടിയ, ഓസീസ് താരം ഹെതർ ഗ്രഹാം എന്നിവരടങ്ങിയ കരുത്തുറ്റ നിരയെയാണ് മുംബൈ സ്വന്തമാക്കിയത്.
നതാലി സ്‌കിവര്‍ക്കായാണ് ഫ്രാഞ്ചൈസി ഏറ്റവും കൂടുതല്‍ തുക മുടക്കിയത്. 3.2 കോടിയാണ് താരത്തിനായി മുംബൈ വീശിയത്. പൂജ വസ്‌ത്രാകര്‍, യാസ്‌തിക ഭാട്ടിയ, അമേലിയ കെര്‍ എന്നിവര്‍ക്കായും ഫ്രാഞ്ചൈസി ഒരു കോടി രൂപയ്‌ക്ക് മുകളില്‍ ചിലവഴിച്ചിട്ടുണ്ട്.