കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) നേടിയ ആദ്യ സിക്‌സിനൊപ്പം താരത്തിന് സ്വന്തമായത് രണ്ട് റെക്കോഡുകള്‍. കാസുന്‍ രജിത എറിഞ്ഞ എഴാം ഓവറിന്‍റെ അഞ്ചാം പന്തിലായിരുന്നു രോഹിത് ഇന്നിങ്‌സിലെ തന്നെ ആദ്യ സിക്‌സടിച്ചത്. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യ കപ്പ് മത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് കഴിഞ്ഞു (Rohit Sharma most sixes in Asia Cup).
നേരത്തെ 26 സിക്‌സറുകളുമായി പാകിസ്ഥാന്‍റെ മുന്‍ താരം ഷാഹിദ് അഫ്രീദിയ്‌ക്കൊപ്പം (Shahid Afridi) പ്രസ്‌തുത റെക്കോഡ് പങ്കുവയ്‌ക്കുകയായിരുന്നു രോഹിത്. 23 സിക്‌സറുകളുള്ള ശ്രീലങ്കയുടെ സനത് ജയസൂര്യയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. കൂടാതെ ഏകദിനത്തില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ലും ഈ സിക്‌സിനൊപ്പം രോഹിത് പിന്നിട്ടു.
ഈ മത്സരത്തിന് ഇറങ്ങും മുമ്പ് ഏകദിനത്തില്‍ 9,978 റണ്‍സായിരുന്നു രോഹിത്തിന്‍റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഇതോടെ ലങ്കയ്‌ക്ക് എതിരെ 22 റണ്‍സ് മാത്രം നേടിയാല്‍ രോഹിത്തിന് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ലിലേക്ക് എത്താമായിരുന്നു (Rohit Sharma ODI Runs). 26 പന്തില്‍ 17 റണ്‍സില്‍ നില്‍ക്കെയായിരുന്നു രോഹിത് രജിതയെ സിക്‌സറിന് പായിച്ചത്.
താരത്തിന്‍റെ 241-ാമത്തെ ഇന്നിങ്‌സായിരുന്നു ഇത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ പ്രസ്‌തുത നാഴികക്കല്ലിലെത്തുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും രോഹിത് ശര്‍മ തൂക്കി. 205 ഇന്നിങ്‌സുകളില്‍ നിന്നും 10,000 റണ്‍സ് നേടിയ വിരാട് കോലിയാണ് (Virat Kohli) പട്ടികയില്‍ തലപ്പത്തുള്ളത്.