ഹൈദരാബാദ്: ടി20 ലോകകപ്പിന്‍റെ എട്ടാം പതിപ്പാണ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്നത്. 2007ലെ പ്രഥമ പതിപ്പില്‍ തന്നെ കുട്ടിക്രിക്കറ്റിന്‍റെ രാജക്കാന്മാരാവാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.
എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഒരേയൊരു കിരീടമാണിത്. 2014ല്‍ ഫൈനലിലെത്തിയിരുന്നുവെങ്കിലും അന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യ മറ്റൊരു കിരീടം സ്വപ്‌നം കാണുന്നുണ്ടെന്ന് തീര്‍ച്ച.
രോഹിതും ഷാകിബും മാത്രം: രോഹിത്തിനെ സംബന്ധിച്ച് ഏറെ പരിചിതമായ ടൂര്‍ണമെന്‍റാണിത്. പ്രഥമ ടി20 ലോകകപ്പ് മുതല്‍ അരങ്ങേറിയ എല്ലാ പതിപ്പിലും രോഹിത് ഇന്ത്യയ്‌ക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. രോഹിത്തിനെ കൂടാതെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനും ഇതേവരെ നടന്ന ടി20 ലോകകപ്പിന്‍റെ എല്ലാ പതിപ്പിലും ഭാഗമായിട്ടുണ്ട്.
ഇന്ത്യ മുന്നില്‍: ഓസ്‌ട്രേലിയയിലെ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെ ഇന്ത്യയ്‌ക്ക് സ്ഥാനമുണ്ട്. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മികവിനൊപ്പം വിരാട് കോലിയടക്കമുള്ള താരങ്ങളുടെ മിന്നുന്ന ഫോമാണ് ഇന്ത്യയ്‌ക്ക് സാധ്യത നല്‍കുന്നത്. അന്താരാഷ്‌ട്ര ടി20 ക്യാപ്റ്റന്‍സിയില്‍ ഉയര്‍ന്ന വിജയ ശതമാനമുള്ള നായകനാണ് രോഹിത്.
ഇതേവരെ 39 മത്സരങ്ങളില്‍ രോഹിത്തിന് കീഴിലിറങ്ങിയ ഇന്ത്യ 31 എണ്ണത്തില്‍ ജയം പിടിച്ചിട്ടുണ്ട്. 79.48 ആണ് രോഹിത്തിന്‍റെ വിജയ ശതമാനം. ടെസ്റ്റ് പദവിയുള്ള ടീമുകളുടെ നിലവില്‍ സജീവമായ ടി20 നായകന്മാരില്‍ മറ്റാര്‍ക്കും രോഹിത്തിന് ഒപ്പമെത്താനായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഐപിഎല്ലിലും മികച്ച റെക്കോഡാണ് രോഹിത്തിനുള്ളത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളുള്ള നായകനാണ് രോഹിത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണയാണ് രോഹിത് ചാമ്പ്യന്മാരാക്കിയത്. 2013, 2015, 2017, 2019, 2020 സീസണുകളിലാണ് രോഹിത്തിന് കീഴിലിറങ്ങിയ മുംബൈ കിരീടം ചൂടിയത്.