ഹൈദരാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. എന്നാല്‍ ഐപിഎല്ലിന്‍റെ (IPL 2024) പുതിയ സീസണിന് മുന്നോടിയായി 36-കാരനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തെറിപ്പിച്ചിരിക്കുയാണ് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തിരികെ എത്തിച്ച ഹാര്‍ദിക് പാണ്ഡ്യയെ ആണ് മുംബൈ രോഹിത്തിന്‍റെ പകരക്കാരനാക്കിയത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain)
ഇതുമായി ബന്ധപ്പെട്ട് കനത്ത ആരാധക രോഷമാണ് ഉയരുന്നത്. നേരിട്ടല്ലെങ്കിലും മുംബൈയുടെ തന്നെ പ്രധാന താരങ്ങളായ സൂര്യകുമാര്‍ യാദവും ജസ്‌പ്രീത് ബുംറയും വിഷയത്തില്‍ പ്രതികരിച്ചു കഴിഞ്ഞു. ഹാര്‍ദിക്കിന്‍റെ മടങ്ങി വരവിന് പിന്നാലെ "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു ജസ്‌പ്രീത് ബുംറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടത്. (Jasprit Bumrah on Rohit Sharma captaincy).
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റിയ മുംബൈയുടെ പ്രഖ്യാപനത്തിന് ശേഷം 'ഹൃദയം തകർന്നത്' കാണിക്കുന്ന ഇമോജിയാണ് തന്‍റെ എക്‌സ് അക്കൗണ്ടില്‍ സൂര്യ പങ്കുവച്ചത്. (Suryakumar yadav on Rohit Sharma captaincy). എന്നാല്‍ നായക സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിനെക്കുറിച്ചോ, അല്ലെങ്കില്‍ പുതിയ നായകനായി ഹാര്‍ദിക് എത്തുന്നതിനെക്കുറിച്ചോ ഹിറ്റ്‌മാനില്‍ നിന്നും ഇതേവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
2013-ല്‍ റിക്കി പോണ്ടിങ്ങില്‍ നിന്നാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. പിന്നീട് 10 വര്‍ഷങ്ങള്‍ നീണ്ട രോഹിത് യുഗത്തില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈയുടെ ഷെല്‍ഫിലെത്തിയത്. നായകനായുള്ള ആദ്യ സീസണില്‍ തന്നെ മുംബൈയെ കിരീടത്തിലേക്ക് നയിക്കാന്‍ ഹിറ്റ്‌മാന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് 2015, 2017, 2019, 2020 സീസണുകളിലും രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഫ്രാഞ്ചൈസി ചാമ്പ്യന്മാരായി.