കൊളംബോ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ വിജയാഘോഷത്തിന് പിന്നാലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ നിന്നും തിരികെ പറന്നിരുന്നു. എന്നാല്‍ ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സഹതാരങ്ങളെ ഒരല്‍പം കാത്തുനിര്‍ത്തിയ സംഭവവും ഉണ്ടായി. വിമാനത്താവളത്തിലേക്ക് പുറപ്പെടാനായി കൊളംബോയിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ടീം ബസില്‍ കയറിയപ്പോഴാണ് 36-കാരനായ രോഹിത് തന്‍റെ പാസ്‌പോർട്ട് എടുത്തിട്ടില്ലെന്ന കാര്യം ഓര്‍ക്കുന്നത് (Rohit Sharma forgets passport in Colombo hotel).
ഇതോടെ ബസില്‍ കാത്തിരിക്കേണ്ടി വന്ന സഹതാരങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ മറവിയെ കളിയാക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് (Rohit Sharma Viral video). ചെറിയ ചമ്മലോടെ നില്‍ക്കുന്ന രോഹിത്തിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
പിന്നീട് സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ഒരു അംഗമാണ് റൂമിലെത്തി പാസ്‌പോര്‍ട്ട് എടുത്ത് താരത്തിന് നല്‍കിയത്. ഏഷ്യ കപ്പിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു രോഹിത്തും സംഘവും കിരീടം നേടിയത് (India vs Sri Lanka). സ്വന്തം തട്ടകമായ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ശ്രീലങ്കയ്‌ക്ക് 15.2 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ വെറും 50 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് എതിരെ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ മുഹമ്മദ് സിറാജായിരുന്നു ശ്രീലങ്കയുടെ നട്ടെല്ല് തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്‌പ്രീത് ബുംറ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 51 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്.