മുംബൈ :ഒരു ഐസിസി കിരീടത്തിനായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒടുവില്‍ ആരാധകര്‍ക്കും അതിലുപരി താരങ്ങള്‍ക്കും മറ്റൊരു നിരാശ കൂടി സമ്മാനിച്ചാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (Cricket World Cup 2023) തിരശീല വീണത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ 19ന് ഓസ്‌ട്രേലിയക്ക് മുന്നിലായിരുന്നു ടീം ഇന്ത്യയ്‌ക്ക് മുട്ടുമടക്കേണ്ടി വന്നത് (India vs Australia World Cup 2023 Final). തോല്‍വികളൊന്നുമറിയാതെ കലാശപ്പോരിലേക്ക് എത്തിയ ഇന്ത്യന്‍ ടീമിന് ഫൈനലില്‍ കാലിടറി.
തുടക്കത്തില്‍ ടോസ് നഷ്‌ടം, പിന്നാലെ ആദ്യ ബാറ്റിങ്. നായകന്‍ രോഹിത് ശര്‍മ പതിവ് ശൈലിയില്‍ റണ്‍സ് ഉയര്‍ത്തി തുടങ്ങി. രോഹിത് പുറത്തായതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു.
വിരാട് കോലിയും കെഎല്‍ രാഹുലും ഉള്‍പ്പടെ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ ഓസീസ് ബൗളര്‍മാര്‍ വിറപ്പിച്ചു. ഒടുവില്‍ 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 240 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിനെ തുടക്കത്തില്‍ വിറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും സാധിച്ചു.
ആദ്യ പത്തോവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍. എന്നാല്‍, ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അടിച്ചെടുത്തു. ഒടുവില്‍ അവര്‍ക്ക് ആറ് വിക്കറ്റിന്‍റെ അനായാസ ജയം.
തോല്‍വിക്ക് ശേഷം നിറകണ്ണുകളോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്. രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ് എന്നിവരെല്ലാം വിഷമം കടിച്ചമര്‍ത്തി പവലിയനിലേക്ക് നടന്നു. ദിവസങ്ങള്‍ക്കിപ്പുറം പല താരങ്ങളും തങ്ങളുടെ വേദന പരസ്യമാക്കി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്‌തിരുന്നു.