ലണ്ടൻ :വിദേശത്തെ കന്നി ടെസ്റ്റ് സെഞ്ച്വറിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റിലെ പല നാഴികക്കല്ലുകളും പിന്നിട്ട് ഇന്ത്യൻ താരം രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 127 റണ്‍സ് നേടിയതോടെയാണ് രോഹിത് പുതിയ നേട്ടങ്ങൾ കുറിച്ചത്. ഇതോടെ ടെസ്റ്റിൽ 3000 റണ്‍സ് പിന്നിടുകയും ചെയ്‌തു.
വിദേശമണ്ണിലെ ആദ്യ ശതകം
8 വർഷത്തെ കരിയറിൽ വിദേശമണ്ണിൽ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്. അതും മനോഹരമായൊരു സിക്‌സറിലൂടെ. കൂടാതെ ടെസ്റ്റിൽ കൂടുതല്‍ തവണ സിക്‌സറടിച്ച് 100ലെത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. ഇത് മൂന്നാം തവണയാണ് ഹിറ്റ്മാന്‍ സിക്‌സര്‍ പറത്തി സെഞ്ച്വറി നേട്ടം കൈവരിച്ചത്. ആറ് തവണ സിക്സിലൂടെ നൂറ് കടന്ന സച്ചിൻ മാത്രമാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്.
സ്റ്റാർ ഓപ്പണർ
സെഞ്ച്വറി നേട്ടത്തോടെ രാജ്യാന്തര ക്രിക്കറ്റിൽ 15000 റണ്‍സ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ഇതിൽ 11000 റണ്‍സ് ഓപ്പണിങ് ബാറ്റ്‌സ്മാൻ എന്ന നിലയിലാണ് രോഹിത് നേടിയത്. ഓപ്പണിങ് പൊസിഷനിൽ നിന്ന് കുറഞ്ഞ ഇന്നിങ്സുകളിൽ 11000 നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡും സ്വന്തമാക്കി. 246 മത്സരങ്ങളിൽ നിന്നാണ് രോഹിത് ഇത് മറികടന്നത്. 241 മത്സരങ്ങളിൽ നിന്ന് പതിനൊന്നായിരം കടന്ന സച്ചിനാണ് മുന്നിൽ.