മുംബൈ: ട്വന്‍റി-20 ഫോർമാറ്റിൽ രോഹിത് ശർമയെ ക്യാപ്‌റ്റൻസി ചുമതലകളിൽ നിന്ന് മാറ്റിക്കൊടുക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ജോലി ഭാരം കുറയാനും മറ്റ് ഫോർമാറ്റുകളിൽ മികവോടെ ടീമിനെ നയിക്കാനും ഇതോടെ രോഹിത്തിനാകുമെന്നും സെവാഗ് പറഞ്ഞു. പരിക്കും ജോലി ഭാരവും കാരണം നായക സ്ഥാനത്ത് എത്തിയ ശേഷം രോഹിത്തിന് ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളത്തില്‍ ഇറങ്ങാനായിരുന്നില്ല.
ടി20 ക്രിക്കറ്റില്‍ നായകനായി ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ചുമതല കൈമാറാവുന്നതാണ്. മത്സരങ്ങളിൽ ഇടവേളകള്‍ എടുക്കാനും ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ ഉയർന്ന തലത്തില്‍ എത്തിക്കാനും കഴിയും. പ്രായം കണക്കിലെടുത്ത് ജോലി ഭാരവും മാനസിക ക്ഷീണവും നിയന്ത്രിക്കാൻ താരത്തെ അനുവദിക്കണമെന്നും സെവാഗ് കൂട്ടിച്ചേർത്തു.
എങ്കിലും, മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ നയിക്കാൻ ഒരു ക്യാപ്‌റ്റൻ എന്ന നിലവിലെ നയത്തിൽ ടീം മാനേജ്‌മെന്‍റ് ഉറച്ചുനിൽക്കുകയാണെങ്കിൽ രോഹിത് തന്നെയാണ് അനുയോജ്യൻ. പരിക്കിൽ നിന്നും രക്ഷ നേടുക, മാനസിക ക്ഷീണം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കാലഘട്ടത്തിലാണ് സെവാഗ് വ്യത്യസ്‌ത ക്യാപ്‌റ്റൻമാർ എന്ന പ്രസക്തമായ ഒരു കാര്യം ഉന്നയിച്ചത്.
1997-ൽ മാർക്ക് ടെയ്‌ലർ ടെസ്റ്റ് ടീം നായകനായ സമയത്ത്, ഓസ്‌ട്രേലിയൻ സെലക്‌ടര്‍മാർ സ്റ്റീവ് വോയെ അന്നത്തെ ഏകദിന ടീമിന്‍റെ ക്യാപ്‌റ്റനായി നിയമിച്ചതോടെയാണ് 'സ്‌പ്ലിറ്റ് ക്യാപ്‌റ്റൻസി' എന്ന ആശയം ആരംഭിച്ചത്. അതേ വർഷം തന്നെ ജൂണിൽ ഇംഗ്ലണ്ട് ആദം ഹോളിയോക്കിനെ ഏകദിന നായകനായും, മൈക്ക് ആതർട്ടണെ അന്നത്തെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്‌റ്റനായും നിയമിച്ചു.
വർഷങ്ങളായി, ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ മറ്റ് ടീമുകളും ഇത് ഉപയോഗിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ സാഹചര്യം വ്യത്യസ്‌തമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഏറെക്കാലമായി ഒന്നിലധികം ക്യാപ്‌റ്റൻമാർ പരീക്ഷിക്കപ്പെട്ടിട്ടില്ല. വേൾഡ് ക്യാപ്‌റ്റൻസി ഇന്ത്യൻ ക്രിക്കറ്റിൽ പ്രാവർത്തികമാകില്ലെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് പരസ്യമായി പറഞ്ഞിരുന്നു.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പേസ് വിസ്‌മയം ഉമ്രാൻ മാലിക്കും ഉണ്ടാകുമെന്നാണ് താൻ വിശ്വസിക്കുന്നത്. ഉമ്രാന് ഒപ്പം ജസ്‌പ്രീത് ബുമ്രയും, മുഹമ്മദ് ഷമിയും അടങ്ങുന്നതാവും ഇന്ത്യയുടെ പേസാക്രമണമെന്നും സെവാഗ് പറഞ്ഞു. സമീപകാലത്ത് തന്നിൽ ഏറ്റവുമധികം മതിപ്പുളവാക്കിയ പേസറാണ് ഉമ്രാൻ മാലിക്കെന്നും സെവാഗ് പറഞ്ഞു. ഐപിഎല്ലിൽ ഒട്ടേറെ പേസർമാരുടെ ഉദയം കണ്ടെങ്കിലും മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി ദീർഘകാലം കളിക്കാൻ പോകുന്ന താരം ഉമ്രാന്‍ ആയിരിക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.