ദുബായ്: ഇന്ത്യയുടെ ടി20 ടീമില്‍ പരീക്ഷണങ്ങള്‍ തുടരുമെന്ന് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. തടസങ്ങളുണ്ടെങ്കിലും 'പുതിയ ഉത്തരങ്ങൾ' കണ്ടെത്താനുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് രോഹിത് പറഞ്ഞു. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത്തിന്‍റെ പ്രതികരണം.
"ഞങ്ങൾ കുറച്ച് കാര്യങ്ങൾ പരീക്ഷിക്കാമെന്ന് തീരുമാനിച്ചു, ചിലത് പ്രവർത്തിക്കും, ചിലത് പ്രവർത്തിക്കില്ല. പക്ഷേ ശ്രമിക്കുന്നതിൽ ഒരു ദോഷവുമില്ല. ശ്രമിച്ചാൽ മാത്രമേ എന്താണ് പ്രവർത്തിക്കുന്നതെന്നും അല്ലാത്തതെന്നും അറിയാനാവൂ. നിങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കും", രോഹിത് പറഞ്ഞു.
ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് ഇന്ത്യ ടീം കോമ്പിനേഷനില്‍ വിവിധ കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നത്. ഏഷ്യ കപ്പില്‍ കെഎല്‍ രാഹുല്‍ രോഹിത്തിനൊപ്പം ഓപ്പണറാവുമെന്നിരിക്കെ നേരത്തെ സൂര്യകുമാർ യാദവിനെയും റിഷഭ് പന്തിനെയും പരീക്ഷിച്ചിരുന്നു. ബൗളിങ് യൂണിറ്റില്‍ ഒരിക്കല്‍ ദീപക് ഹൂഡയെ ന്യൂബോള്‍ ഏല്‍പ്പിക്കുകയും ചെയ്‌തു. ഏഷ്യ കപ്പിലും ഈ പരീക്ഷണങ്ങള്‍ തുടരുമെന്നാണ് രോഹിത് അടിവരയിടുന്നത്.
"അവസരം ലഭിക്കുകയാണെങ്കിൽ, വിവിധ കോമ്പിനേഷനുകൾ പരീക്ഷിക്കേണ്ടതുണ്ട്. പരീക്ഷണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ തന്നെ യാതൊരു പ്രശ്‌നങ്ങളുമില്ല. ഞങ്ങൾ പരീക്ഷണം തുടരും, പുതിയ ഉത്തരങ്ങൾ കണ്ടെത്താൻ ഭയപ്പെടേണ്ടതില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും പരീക്ഷണങ്ങളുണ്ടാവും", രോഹിത് പറഞ്ഞു.
ടി20 ലോകകപ്പിൽ ഒരു മികച്ച കോമ്പിനേഷനുണ്ടാവുമെന്നും തങ്ങളുടെ പരീക്ഷണങ്ങള്‍ ഫലം നല്‍കുന്നുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. "കഴിഞ്ഞ എട്ട് പത്ത് മാസങ്ങളിലായി ഞങ്ങള്‍ക്ക് ധാരാളം ഉത്തരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ടി20 ലോകകപ്പ് തുടങ്ങുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം", രോഹിത് കൂട്ടിച്ചേര്‍ത്തു.