കൊല്‍ക്കത്ത :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ എട്ടാം ജയവും സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ (Team India). കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ടീം ഇന്ത്യ തകര്‍ത്തത്. ഈ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും ലഭിക്കുമെന്ന് ഉറപ്പായി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈഡനിലെ ജയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് ചെയ്‌ത ഇന്ത്യയ്‌ക്കായി നിര്‍ണായകമായ സംഭവന നല്‍കിയത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് (Virat Kohli). ഏകദിന കരിയറിലെ 49-ാം സെഞ്ച്വറി നേടിയ കോലി മത്സരത്തില്‍ പുറത്താകാതെ 121 പന്തില്‍ 101 റണ്‍സ് നേടി കളിയിലെ താരമാകുകയും ചെയ്‌തിരുന്നു. അതേസമയം, താരത്തിന്‍റെ ബാറ്റിങ്ങിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ മറുപടി നല്‍കിയിരുന്നു. ഈഡനിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടാണ് കോലി ബാറ്റ് വീശിയതെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടത്.
'ബാറ്റ് ചെയ്യാന്‍ അത്ര എളുപ്പമുള്ള പിച്ചായിരുന്നില്ല ഈഡന്‍ ഗാര്‍ഡന്‍സിലേത്. കഴിഞ്ഞ മത്സരങ്ങളെല്ലാം നോക്കുകയാണെങ്കില്‍ ഈ മത്സരത്തില്‍ സാഹചര്യവുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇവിടെ സാഹചര്യത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ കോലിയെപ്പോലെ ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു.
ആ ജോലി കൃത്യമായി പൂര്‍ത്തിയാക്കാന്‍ കോലിക്കും സാധിച്ചു. ശ്രേയസ് അയ്യരുടെ പ്രകടനത്തെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. മധ്യനിരയില്‍ നിന്നും എന്താണോ ടീം പ്രതീക്ഷിക്കുന്നത് അതിന് താരങ്ങള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കേണ്ടത് വളരെ പ്രധാനമാണ്..' -രോഹിത് ശര്‍മ പറഞ്ഞു.