മുംബൈ :ടി-20 മത്സരങ്ങള്‍ മൂലം ഏകദിനങ്ങള്‍ക്ക് പ്രധാന്യം നഷ്ടപ്പെടുകയാണെന്നതാണ് സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് നടക്കുന്ന ചൂടേറിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. പല മുന്‍ താരങ്ങളും വിദഗ്‌ധരുമടക്കം, ഭാവിയില്‍ ഏകദിന ക്രിക്കറ്റിന് നിലവിലെ സ്ഥാനമുണ്ടാകില്ലെന്ന വിലയിരുത്തലിലാണുള്ളത്. കൂടാതെ ഏകദിന ക്രിക്കറ്റ് ഫോര്‍മാറ്റ് എല്ലാ കാലത്തും നില നില്‍ക്കുമെന്ന വാദം ഉന്നയിക്കുന്നവരുമുണ്ട്.
ഏകദിന ക്രിക്കറ്റിന്റെ അവസാനമടുത്തു എന്ന തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ പ്രസ്‌താവന നടത്തിയതായി ചര്‍ച്ചകളുയര്‍ന്നിരുന്നു. പല താരങ്ങളും കളിക്കാന്‍ താത്പര്യപ്പെടുന്നത് ടി-20 ഫോര്‍മാറ്റാണെന്നും അതിനാല്‍ തന്നെ ഏകദിനത്തിന്റെ അന്ത്യമടുത്തു എന്നും രോഹിത് പറഞ്ഞതായാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ഇത് തള്ളി രംഗത്തെത്തിയിരിക്കുകയാണ് താരം.
താന്‍ പേരെടുത്തത് ഏകദിന ക്രിക്കറ്റിലൂടെയാണ്. അത്തരം ചര്‍ച്ചകളെല്ലാം അസംബന്ധമാണ്. തന്നെ സംബന്ധിച്ച് ക്രിക്കറ്റിലെ ഫോര്‍മാറ്റുകളല്ല, മറിച്ച് ക്രിക്കറ്റ് തന്നെയാണ് പ്രധാനം. ഒരു ഫോര്‍മാറ്റ് കൂടി ക്രിക്കറ്റിനുണ്ടാവണമെന്നതാണ് തന്റെ ആഗ്രഹമെന്നുമായിരുന്നു രോഹിത് ശര്‍മയുടെ പ്രതികരണം.
നേരത്തെ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചാണ് പലരും സംസാരിച്ചുകൊണ്ടിരുന്നത്. ക്രിക്കറ്റിന്റെ ഫോര്‍മാറ്റുകളേക്കാള്‍ ക്രിക്കറ്റ് തന്നെയാണ് പ്രധാനം. ഒരു ഫോര്‍മാറ്റും അവസാനിച്ചതായി ഞാന്‍ ഒരിക്കലും പറയില്ല. ഒരു പുതിയ ഫോര്‍മാറ്റില്‍ കൂടി ക്രിക്കറ്റിന് പ്രചാരം ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.