മെൽബണ്‍: പാകിസ്ഥാനില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച വാക്‌വാദങ്ങളാണ് കായിക ലോകത്ത് ഇപ്പോള്‍ പ്രധാന ചര്‍ച്ച വിഷയം. പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പിൽ കളിക്കില്ലെന്ന് ഇന്ത്യയും, അങ്ങനെ വന്നാൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കില്ലെന്ന് പാകിസ്ഥാനും വ്യക്‌തമാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
'ഇപ്പോൾ ലോകകപ്പിലാണ് ഞങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം ഇപ്പോൾ അതാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. ഭാവിയിൽ എന്ത് സംഭവിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയില്ല. ഇപ്പോൾ അതിനെപ്പറ്റി ആലോചിക്കേണ്ട കാര്യമില്ല, കാരണം അതിൽ തീരുമാനമെടുക്കേണ്ടത് ബിസിസിഐ ആണ്. ഇപ്പോൾ നാളത്തെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഞങ്ങൾ ചിന്തിക്കുന്നത്.' രോഹിത് വ്യക്‌തമാക്കി.
തുടരുന്ന വിവാദം: അതേസമയം ഏഷ്യ കപ്പ് മത്സരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ക്രിക്കറ്റ് ലോകത്ത് കത്തിപ്പടരുകയാണ്. ഇന്ത്യ പാകിസ്ഥാനിലേക്ക് ഇല്ലെന്നും ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയില്‍ നടത്തണമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മത്സരം മാറ്റിവെച്ചാൽ പാകിസ്ഥാന് വലിയ സാമ്പത്തികം നഷ്‌ടം ഉണ്ടാകുമെന്നും അങ്ങനെ വന്നാൽ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ മത്സരിക്കില്ലെന്നും പാകിസ്ഥാനും നിലപാടറിയിച്ചിരുന്നു.
പിന്നാലെ 2023 ലെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്നും വരാൻ ആഗ്രഹിക്കുന്നവർക്ക് വരാമെന്നും കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ വ്യക്‌തമാക്കി. പാകിസ്ഥാനിൽ മത്സരിക്കാൻ സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്നും ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. മത്സരത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നിയും വ്യക്‌തമാക്കിയിരുന്നു.
2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിലും വിള്ളല്‍ വീണത്. അതേവര്‍ഷം നടന്ന ഏഷ്യ കപ്പില്‍ പങ്കെടുക്കാനായാണ് ഇന്ത്യ അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയത്. 2012ല്‍ അവസാനമായി ദ്വിരാഷ്‌ട്ര പരമ്പര കളിച്ച ഇരു ടീമുകളും പിന്നീട് ഐസിസി ടൂര്‍ണമെന്‍റുകളിലും, ഏഷ്യ കപ്പിലും മാത്രമാണ് ഏറ്റുമുട്ടുന്നത്.