മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) അപരാജിത കുതിപ്പ് നടത്തുന്ന ടീം ഇന്ത്യയെ ബാറ്റുകൊണ്ട് മുന്നില്‍ നിന്നും നയിക്കുന്നത് നായകന്‍ രോഹിത് ശര്‍മയാണ് (Rohit Sharma). ലോകകപ്പില്‍ ഇതുവരെയുള്ള ആറ് മത്സരം പൂര്‍ത്തിയായപ്പോള്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 398 റണ്‍സ് നേടി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിനുള്ളില്‍ തന്നെ ഇടം പിടിക്കാന്‍ രോഹിത് ശര്‍മയ്‌ക്കായിട്ടുണ്ട് (Rohit Sharma Runs In Cricket World Cup 2023). ഇതുവരെ പൂര്‍ത്തിയായ മത്സരങ്ങളില്‍ മിക്കതിലും ഇന്ത്യയ്‌ക്ക് മികച്ച തുടക്കം സമ്മാനിക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിച്ചിട്ടുണ്ട്.
തുടക്കത്തില്‍ തന്നെ വമ്പന്‍ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കിയാണ് രോഹിത് ശര്‍മ ഒരോ മത്സരത്തിലും ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കുന്നത്. അതോടൊപ്പം തന്നെ കളിയുടെ ഗതിക്കനുസരിച്ച് റണ്‍സ് നേടാനും ഇന്ത്യന്‍ നായകന് കഴിയുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന മത്സരത്തിലെ രോഹിത് ശര്‍മയുടെ പ്രകടനം.
ബൗളിങ്ങിന് കൂടുതല്‍ ആനുകൂല്യം ലഭിച്ച ലഖ്‌നൗ ഏകന സ്റ്റേഡിയത്തില്‍ 101 പന്തില്‍ 87 റണ്‍സായിരുന്നു രോഹിത് ശര്‍മയുടെ സമ്പാദ്യം. അഫ്‌ഗാനിസ്ഥാനെതിരെ 84 പന്തില്‍ 131 റണ്‍സും പാകിസ്ഥാനെതിരെ 63 പന്തില്‍ 86 റണ്‍സും നേടിയ രോഹിത് ശര്‍മയാണ് ഇംഗ്ലണ്ടിനോട് ഇങ്ങനെയൊരു ഇന്നിങ്‌സ് കളിച്ചത്. ടീമിന് എന്താണോ ആവശ്യം അത് കൃത്യമായി തന്നെ ചെയ്യാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ഇന്നിങ്‌സുകള്‍. ഇക്കാര്യം രോഹിത് തന്നെ വ്യക്തമാക്കുന്നുണ്ട്.
'എന്‍റെ ബാറ്റിങ് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. എന്നാല്‍, സാഹചര്യവും ടീമിന്‍റെ അവസ്ഥ എന്താണ് എന്നുള്ള ചിന്തയും എപ്പോഴും എന്‍റെ മനസില്‍ തന്നെയുണ്ടായിരിക്കും. സാഹചര്യം നല്ലതുപോലെ ഉപയോഗിക്കണം, മികച്ച പ്രകടനം പുറത്തെടുക്കണം, ടീമിനെ നല്ല നിലയില്‍ എത്തിക്കണം എന്നുള്ളത് മാത്രമാണ് പലപ്പോഴും ചിന്താഗതി.