ഇരുപതാം വയസില്‍ ഇന്ത്യയുടെ ഇളംനീല നിറത്തിലുള്ള ജഴ്‌സി ആദ്യമായി അണിഞ്ഞ് കളത്തിലിറങ്ങിയ താരമാണ് രോഹിത് ഗുരുനാഥ് ശര്‍മ. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളും ബാറ്റ് കൊണ്ടുള്ള മികവും സെലക്‌ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത് വളരെപ്പെട്ടന്നായിരുന്നു. പിന്നാലെ ഒട്ടും താമസിക്കാതെ തന്നെ ഇന്ത്യന്‍ ടീമിലേക്കും ആ ഇരുപതുകാരന് വിളിയെത്തി. 2007ല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ ആരംഭിച്ച ആ കരിയര്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് പതിനാറാം വര്‍ഷത്തിലാണ്.
അന്ന് ഒരു ജൂണ്‍ 23ന് ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്ലബ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെ നേരിട്ട് തുടങ്ങിയ യാത്ര... സംഭവബഹുലമായിരുന്നു പിന്നീട് ആ ഇരുപതുകാരന്‍റെ കരിയര്‍. നേരിട്ട വിമര്‍ശനങ്ങള്‍, പരിഹാസങ്ങള്‍... എല്ലാത്തിനും അയാള്‍ ബാറ്റ് കൊണ്ട് മറുപടി നല്‍കി. വമ്പന്‍ സ്‌കോറുകള്‍ അയാളുടെ ബാറ്റില്‍ നിന്നും പിറന്നു. അപകടകരമായ രീതിയില്‍ എത്തുന്ന ബൗണ്‍സറുകളെ പുള്‍ ഷോട്ടിലൂടെ അയാള്‍ സിക്‌സര്‍ പറത്തി. അങ്ങനെയങ്ങനെ 'അലസന്‍' എന്ന് വിളിപ്പിച്ചവരെക്കൊണ്ട് ആ പയ്യന്‍ 'ഹിറ്റ്‌മാന്‍' എന്ന് മാറ്റി വിളിപ്പിച്ചു...
ആഭ്യന്തര ക്രിക്കറ്റിലെ മികവുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് എത്തിയ ആ ചെറുപ്പക്കാരന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല തന്‍റെ കരിയറില്‍ ലഭിച്ചത്. കരിയറിന്‍റെ തുടക്കത്തില്‍ പ്രതിഭയ്‌ക്കൊത്ത മികവ് പുറത്തെടുക്കാന്‍ രോഹിതിന് സാധിച്ചില്ല. ഇതിന് ആ ചെറുപ്പക്കാരന്‍ പഴി കേള്‍ക്കാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല.
എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യയുടെ യുവതുര്‍ക്കികള്‍ പല വമ്പന്‍മാരെയും ഞെട്ടിച്ച് കൊണ്ട് പ്രഥമ ടി20 ലോകകപ്പ് നേടിയപ്പോള്‍ ആ ടീമിലെ പ്രധാന അംഗങ്ങളില്‍ ഒരാളായും രോഹിത് മാറി. അന്ന് ടി20 ലോകകപ്പ് ഫൈനലില്‍ ഉള്‍പ്പടെ നിര്‍ണായക പ്രകടനങ്ങള്‍ നടത്താന്‍ രോഹിത് ശര്‍മ്മയ്‌ക്ക് സാധിച്ചു. അക്കാലത്ത് നടത്തിയ ചില മിന്നലാട്ടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കരിയറില്‍ അത്ര ശോഭിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
ഡൊമസ്റ്റിക്ക് കരിയറിലെ മികവ് തുടരാന്‍ സാധിക്കാതെ വന്നതോടെ രോഹിതിന് ടീമിലെ സ്ഥാനവും നഷ്‌ടമായി. പതിഞ്ഞ താളത്തില്‍ റണ്‍സ് കണ്ടെത്തുന്ന അയാള്‍ക്ക് പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്ന് പോലും പലരും വിധിയെഴുതി. ഇതിനിടെ 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതിരുന്ന രോഹിത് ഏറെക്കാലം വിഷാദത്തിലുമായി...
'ഹിറ്റ്മാന്‍റെ അവതാരപ്പിറവി...':2013-ാം വര്‍ഷത്തിലാണ് രോഹിതിന്‍റെ കരിയര്‍ ഗ്രാഫ് തന്നെ അപ്പാടെ മാറിമറിയുന്നത്. മധ്യനിരയില്‍ നിന്നും ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ അലസനായ രോഹിത് വേഗത്തില്‍ തന്നെ ഹിറ്റ്‌മാന്‍ ആയി മാറി. ഇന്നിങ്‌സിന്‍റെ തുടക്കം മുതല്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് അയാള്‍ അതിവേഗം റണ്‍സ് കണ്ടെത്തി തുടങ്ങി. അയാള്‍ക്ക് നേരെയെത്തുന്ന ഷോട്ട് ബോളുകളും ബൗണ്‍സറുകളും ഗാലറിയിലേക്ക് പറന്നിറങ്ങി.