കേരളം

kerala

ETV Bharat / sports

IND VS ENG | രോഹിത് പുറത്ത് ; ഇംഗ്ലണ്ടിനെതിരെ ബുംറ നയിക്കുമെന്ന് റിപ്പോര്‍ട്ട് - ജസ്‌പ്രീത് ബുംറ ഇന്ത്യന്‍ ക്യാപ്റ്റന്‍

ആർ‌ടി-പി‌സി‌ആർ പരിശോധനയില്‍ രണ്ടാം തവണയും പോസിറ്റീവായതിനെ തുടർന്നാണ് രോഹിത് ശര്‍മ പുറത്തായത്

Rohit ruled out of fifth Test after testing Covid positive again  Bumrah to lead India  india vs England  Jasprit Bumrah  Rohit sharma  എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ നിന്നും രോഹിത് പുറത്ത്  രോഹിത് ശര്‍മ  ഇംഗ്ലണ്ടിനെതിരെ ബുംറ നയിക്കും  IND VS ENG  ജസ്‌പ്രീത് ബുംറ  ജസ്‌പ്രീത് ബുംറ ഇന്ത്യന്‍ ക്യാപ്റ്റന്‍  കപില്‍ ദേവ്
IND VS ENG | രോഹിത് പുറത്ത്; ഇംഗ്ലണ്ടിനെതിരെ ബുംറ നയിക്കുമെന്ന് റിപ്പോര്‍ട്ട്

By

Published : Jun 29, 2022, 8:08 PM IST

ന്യൂഡല്‍ഹി :കപിൽ ദേവിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ പേസ്‌ ബൗളറാവാന്‍ ജസ്‌പ്രീത് ബുംറ. കൊവിഡ് സ്ഥിരീകരിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായതോടെയാണ് ഇംഗ്ലണ്ടിനെതിരെ എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യയെ നയിക്കാന്‍ ബുംറയ്‌ക്ക് അവസരം ലഭിച്ചതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ആർ‌ടി-പി‌സി‌ആർ പരിശോധനയില്‍ രണ്ടാം തവണയും പോസിറ്റീവായതിനെ തുടർന്നാണ് രോഹിത് പുറത്തായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. 'ആർ‌ടി-പി‌സി‌ആർ ടെസ്റ്റ് വീണ്ടും പോസിറ്റീവ് ആയതിനാൽ ജൂലൈ 1 മുതൽ ആരംഭിക്കുന്ന ഈ ടെസ്റ്റ് മത്സരത്തിൽ നിന്നും രോഹിത് പുറത്തായി. അദ്ദേഹം ഇപ്പോഴും ഐസോലേഷനിലാണ്.

കെഎൽ രാഹുലിന്‍റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻമാരിൽ ഒരാളായ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുക.' പേരുവെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയില്‍ മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഇതോടെ 1932ൽ കന്നി ടെസ്റ്റ് കളിച്ച ഇന്ത്യയെ നയിക്കുന്ന 36ാമത്തെ മാത്രം ക്രിക്കറ്ററാവാനും, 35 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസ് ബൗളറാവാനും ബുംറയ്‌ക്ക് കഴിയും.

ഇതിനുമുൻപ് കപിൽ ദേവാണ് ഇന്ത്യയെ ടെസ്റ്റിൽ അവസാനമായി നയിച്ച ഫാസ്റ്റ് ബോളർ. 1987ൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് കപിൽ അവസാനമായി ഇന്ത്യൻ ടീമിനെ നയിച്ചത്. കഴിഞ്ഞ ആഴ്‌ച ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിനിടെയാണ് രോഹിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 25 റൺസ് നേടിയ താരം, വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രണ്ടാം ഇന്നിങ്സിനിറങ്ങിയിരുന്നില്ല. ബുധനാഴ്‌ച എഡ്‌ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീം പരിശീലനം നടത്തിയിരുന്നു. എന്നാല്‍ രോഹിത് പരിശീലനത്തിന് പുറത്തിറങ്ങിയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഗില്ലിനൊപ്പം പൂജാര? :രോഹിത് പുറത്തായതോടെ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പൂജാരയോ, ഹനുവ വിഹാരിയോ ഓപ്പണറായെത്തിയേക്കും. രോഹിത്തിന് പകരം മായങ്ക് അഗർവാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്ലേയിങ് ഇലവനില്‍ സാധ്യതയില്ലെന്നാണ് അടുത്ത വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഓപ്പണിങ് സ്ഥാനത്തേക്ക് പൂജാരയ്‌ക്കാണ് കൂടുതല്‍ സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.

ശാര്‍ദുലോ അശ്വിനോ ? :സ്പെഷ്യലിസ്റ്റ് ബാറ്റർമാർമാരായി പൂജാര, ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, റിഷഭ്‌ പന്ത് എന്നിവരായിരിക്കും സ്ഥാനം നേടുക. ശാര്‍ദുൽ താക്കൂറിനെ നാലാമത്തെ ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറായി കളിപ്പിക്കണമോ, അതോ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രവിചന്ദ്രൻ അശ്വിനെ രണ്ടാമത്തെ സ്പിന്നറായി കളിപ്പിക്കണമോയെന്നത് മാത്രമാണ് പ്രധാന ചര്‍ച്ചയെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാവും പേസ് ബൗളിങ് യൂണിറ്റില്‍ അണിനിരക്കുക.

ABOUT THE AUTHOR

...view details