മൊഹാലി: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ മികച്ച പ്രകടത്തിന് പിന്നില്‍ വിരാട് കോലിയാണെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ അരങ്ങേറ്റ മത്സരവും കോലിയുടെ നൂറാം മത്സരവുമാണിത്.
"ഒരു ടെസ്റ്റ് ടീം എന്ന നിലയിൽ ഞങ്ങൾ മികച്ച നിലയിലാണുള്ളത്. ഇതിന്‍റെ മുഴുവൻ ക്രെഡിറ്റും വിരാടിനാണ്. അദ്ദേഹം നിര്‍ത്തിയടത്തുനിന്നാണ് എനിക്ക് തുടങ്ങാനുള്ളത് " രോഹിത് പറഞ്ഞു. അതേസമയം ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യ രഹാനെയെയും പുറത്തിരുത്തിയാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെയിറങ്ങുന്നത്. ടെസ്റ്റില്‍ ഇരുവരുടേയും സംഭവാനകൾ വലുതാണെന്നും ഇരുവരെയും മാറ്റിനിര്‍ത്തിയത് താല്‍ക്കാലികമാണെന്നും രോഹിത് പറഞ്ഞു.