ദുബായ് :വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന് കിരീടം നേടണമെങ്കില്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ്ങിനെ ആശ്രയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗവാസ്കര്‍. ടീമില്‍ തനിക്ക് ഇഷ്‌ടപ്പെട്ട ബാറ്റിങ് പൊസിഷന്‍ തെരഞ്ഞെടുക്കാന്‍ സൂര്യയെ അനുവദിക്കണം. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്ന ബാറ്റിങ് പൊസിഷന്‍ ഏതാണെന്ന് സൂര്യകുമാര്‍ യാദവിന് മാത്രമേ പറയാന്‍ കഴിയൂവെന്നും രോഹന്‍ ഗവാസ്‌കര്‍ സ്പോര്‍ട്‌സ് 18ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഞാൻ കുറച്ചുകാലമായി ഇത് പറയുന്നുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ സൂര്യകുമാര്‍ യാദവിനെ ചുറ്റിപ്പറ്റിയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ബാറ്റിങ് പൊസിഷന്‍ ഏതാണ് എന്നതിനെക്കുറിച്ച് സൂര്യകുമാറിനോട് തന്നെ ചോദിക്കണം. ഇഷ്‌ട പൊസിഷനില്‍ അദ്ദേഹത്തെ ബാറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നും രോഹന്‍ ഗവാസ്‌കര്‍ പറഞ്ഞു.
തനിക്ക് ഏത് പൊസിഷനില്‍ ബാറ്റിങ്ങിനിറങ്ങിയാലാണ് കൂടുതല്‍ സ്വധീനം ചെലുത്താന്‍ കഴിയുക എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കൂ. സൂര്യകുമാര്‍ യാദവ് ഓപ്പണറായി ബാറ്റ് ചെയ്യുന്നതും, മൂന്നാമനായും നാലാമനായും ക്രീസിലെത്തുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ ഏത് പൊസിഷനിലാണ് ബാറ്റിങ്ങിനെത്താന്‍ താല്‍പര്യമെന്ന് ടീം മാനേജ്മെന്‍റ് അദ്ദേഹത്തോട് അന്വേഷിക്കണം.
ഏഷ്യ കപ്പില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ മറ്റ് ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താനാകാതെ വിഷമിച്ചപ്പോള്‍ ക്രീസിലെത്തിയത് മുതല്‍ തകര്‍ത്ത് അടിച്ച് കളിക്കാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നു. അത്തരത്തിലൊരു പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ പ്രത്യേക കഴിവുള്ളവര്‍ക്ക് മാത്രമേ കഴിയൂ. അതുകൊണ്ട് തന്നെ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ്ങിനെ ചുറ്റിപ്പറ്റി ആയിരിക്കും ഇന്ത്യയുടെ ടി20 ലോകകപ്പ് പ്രതീക്ഷകളെന്നും രോഹന്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.