മുംബൈ: സൗരവ് ഗാംഗുലിക്ക് പകരം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 1983 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗവുമായ റോജർ ബിന്നി ബിസിസിഐ പ്രസിഡന്‍റാകാൻ സാധ്യത. നേരത്തെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി അംഗമായും ബിന്നി പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐ പ്രസിഡന്‍റായി ഗാംഗുലിക്ക് പകരം മുൻ പേസർ റോജർ ബിന്നിയും ബിസിസിഐ സെക്രട്ടറിയായി ജയ് ഷായും തുടരുമെന്നാണ് സൂചന. ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി ഇന്ത്യയുടെ പ്രതിനിധിയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐ അധ്യക്ഷനായേക്കും - Roger Binny To Replace Ganguly BCCI President
കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയായി ബിസിസിഐയുടെ ഡ്രാഫ്റ്റ് ഇലക്‌ടറൽ റോളിൽ ഇടംപിടിച്ചതോടെയാണ് റോജർ ബിന്നി അധ്യക്ഷനായേക്കുമെന്ന റിപ്പോർട്ടുകൾ വന്നത്
ഒക്‌ടോബർ 18ലെ തെരഞ്ഞെടുപ്പിനും ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിനും കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍റെ (കെഎസ്‌സിഎ) പ്രതിനിധിയായി റോജർ ബിന്നിയാണ് ഡ്രാഫ്റ്റ് ഇലക്‌ടറൽ റോളിൽ (ബിസിസിഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്) ഇടംപിടിച്ചിരിക്കുന്നത്. നിലിവിലെ കെഎസ്‌സിഎ സെക്രട്ടറി സന്തോഷ് മേനോന് പകരമായാണ് റോജർ ബിന്നിയെ ബിസിസിഐ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ നിയമപ്രകാരം ഒരു സംസ്ഥാന അസോസിയേഷനിൽ നിന്നും ഒരു പ്രതിനിധിക്ക് മാത്രമെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ എന്നതിനാൽ റോജർ ബിന്നി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു.
പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറർ എന്നീ അഞ്ച് സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒക്‌ടോബർ 11, 12 തീയതികളിൽ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്‌ടോബർ 13ന് നടക്കും. ഒക്‌ടോബർ 14നകം സ്ഥാനാർഥികൾക്ക് പത്രിക പിൻവലിക്കാം. ഒക്‌ടോബർ 18നാണ് തെരഞ്ഞെടുപ്പ്.