മുംബൈ: മുൻ ഇന്ത്യൻ താരവും 1983 ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ റോജർ ബിന്നിയെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ 36-ാ മത് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് റോജർ ബിന്നിയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. വിവാദങ്ങൾക്കൊടുവിൽ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് ബിന്നി പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുന്നത്.
കളമൊഴിഞ്ഞ് ദാദ; റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റ് - ബിസിസിഐ പ്രസിഡന്‍റായി റോജർ ബിന്നി
മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ എതിരില്ലാതെയാണ് റോജർ ബിന്നിയെ തെരഞ്ഞെടുത്തത്
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായിരുന്ന ബിന്നി പുതിയ സ്ഥാനത്തേക്ക് നിയമിതനായതോടെ സംസ്ഥാന ബോഡിയിൽ നിന്ന് ഒഴിയും. 1983-ൽ ഇന്ത്യയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തിന്‍റെ ശിൽപികളിലൊരാളായിരുന്നു മീഡിയം പേസറായ ബിന്നി. ലോകകപ്പിലെ എട്ട് മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് ബിന്നി വീഴ്ത്തിയത്. ആ ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്‌ത്തിയതും ബിന്നിയായിരുന്നു.
1985-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോക സീരീസ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലും 17 വിക്കറ്റുകളുമായി അദ്ദേഹം ഈ നേട്ടം ആവര്‍ത്തിച്ചിരുന്നു. അതേസമയം വലിയ വിവാദങ്ങൾക്ക് വഴിവെച്ചുകൊണ്ടാണ് ഗാംഗുലി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പിടിയിറങ്ങുന്നത്. ഗാംഗുലിയെ രണ്ടാം വട്ടവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തത് ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതിനാലാണെന്ന് ആരോപണവുമായി തൃണമൂൽ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.