ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അഞ്ച് പേസ് ബോളര്‍മാരെ ഉള്‍പ്പെടുത്തുമെന്ന് പ്രവചിച്ച് മുന്‍ താരം റോബിന്‍ ഉത്തപ്പ. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർക്കൊപ്പം അർഷ്‌ദീപ് സിങ്, ദീപക് ചാഹർ എന്നിവരാവും ടീമിലുണ്ടാവുകയെന്നാണ് ഉത്തപ്പ പറയുന്നത്. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് ഉത്തപ്പയുടെ പ്രതികരണം.
ആറാമത്തെ ഫാസ്റ്റ് ബോളിങ് ഓപ്‌ഷനാണ് ഹാർദിക് പാണ്ഡ്യ. ഏഷ്യ കപ്പില്‍ മോശം പ്രകടനം നടത്തിയ വലംകൈയന്‍ പേസര്‍ ആവേശ് ഖാന് ടീമില്‍ അവസരമുണ്ടാവില്ലെന്നും ഉത്തപ്പ വ്യക്തമാക്കി. ഫോര്‍മാറ്റില്‍ അർഷ്‌ദീപിനും ചാഹാറിനും മികച്ച ഫോമുണ്ടെന്നും ഉത്തപ്പ പറഞ്ഞു.
ഡെത്ത് ഓവറുകളില്‍ ബുംറയും ഹർഷലുമാവും പന്തെറിയുക. ഭുവനേശ്വർ കുമാർ തന്‍റെ ആദ്യ മൂന്ന് ഓവറുകൾ പവർപ്ലേയിലും ഒരെണ്ണം ഇന്നിങ്‌സിന്‍റെ മധ്യത്തിലോ അവസാനത്തിലോ എറിയുമെന്നും ഉത്തപ്പ പ്രവചിച്ചു. ഡെത്ത് ഓവറുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന താരമാണ് അര്‍ഷ്‌ദീപെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.