റായ്‌പൂര്‍: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി20 ക്രിക്കറ്റില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ ലെജന്‍ഡ്‌സ്. ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനെ 33 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്‌സ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 195 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ശ്രീലങ്ക ലെജന്‍ഡ്‌സ് 18.5 ഓവറില്‍ 162 റണ്‍സിന് പുറത്തായി.
22 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ ജയരത്നെയാണ് ലങ്കയുടെ ടോപ് സ്കോറര്‍. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ഇന്ത്യ ലെജന്‍ഡ്‌സ് ശ്രീലങ്ക ലെജന്‍ഡ്‌സിനെ വരിഞ്ഞ് മുറുക്കിയത്. മുന്‍നിര ബാറ്റര്‍മാരായ സനത് ജയസൂര്യ (5), ദില്‍ഷന്‍ മുനവീര (8), തിലകരത്‌നെ ദില്‍ഷന്‍ (11), ഉപുല്‍ തരംഗ(10), അസേല ഗുണരത്നെയെ(19), ജീവന്‍ മെന്‍ഡിസ് (20) എന്നിവര്‍ വേഗം മടങ്ങി.
തുടര്‍ന്ന് ഒന്നിച്ച ഇഷാന്‍ ജയരത്നെ- മഹേല ഉദ്വാതെ എന്നിവരുടെ പോരാട്ടമാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. മഹേല ഉദ്വാതെയെ പുറത്താക്കി അഭിമന്യൂ മിഥുനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
19 പന്തില്‍ 26 റണ്‍സെടുത്താണ് താരം മടങ്ങിയത്. തുടര്‍ന്നെത്തിയ ഇസുരു ഉദാനയെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നാലെ ജയരത്നെയെ വിനയ് കുമാര്‍ വീഴ്ത്തിയതോടെ ലങ്കയുടെ പോരാട്ട വീര്യം ചോര്‍ന്നു. നാലു ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
തുടര്‍ന്ന് ഒരു പന്ത് മാത്രമാണ് ലങ്കന്‍ ഇന്നിങ്‌സിന് ആയുസുണ്ടായത്. പത്താമനായെത്തി ധമ്മിക പ്രസാദിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിനയ് കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. കുലശേഖര പുറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി വിനയ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അഭിമന്യൂ മിഥുന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. രാജേഷ് പവാര്‍, സ്റ്റുവർട്ട് ബിന്നി, രാഹുല്‍ ശര്‍മ, യൂസഫ് പഠാന്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.