മുംബൈ:കാര്‍ അപകടത്തില്‍ പരിക്കേറ്റ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. അപകടത്തില്‍ പരിക്കേറ്റ കാൽമുട്ടിലെ ശസ്ത്രക്രിയയാണ് വെള്ളിയാഴ്‌ച വിജയകരമായി പൂര്‍ത്തിയാക്കിയത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത് ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ സ്പോർട്‌സ് ഓർത്തോപീഡിക് ഡോക്‌ടർ ദിൻഷോ പർദിവാലയുടെ മേൽനോട്ടത്തിലാണ് ശസ്‌ത്രക്രിയ നടന്നത്. 25കാരനായ താരം നിലവില്‍ നിരീക്ഷണത്തിലാണെന്നും ബിസിസിഐ വൃത്തം പറഞ്ഞു. ജനുവരി നാലിന് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ നിന്ന് എയർ ആംബുലൻസിലാണ് പന്തിനെ മുംബൈയില്‍ എത്തിച്ചത്.
പരിക്ക് മാറി പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ താരത്തിന് എട്ട് മാസങ്ങളോളം വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പും താരത്തിന് നഷ്‌ടമാവുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഡിസംബർ 30ന് ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്ത് അപകടത്തില്‍ പെടുന്നത്.