ബെംഗളൂരു:ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ മധ്യനിര ബാറ്റര്‍മാരായ കെഎൽ രാഹുലും ശ്രേയസ് അയ്യരും. പരിക്കിന്‍റെ പിടിവിടീച്ച് പൂര്‍ണ ഫിറ്റ്‌നസിലേക്ക് തിരികെ എത്തുന്നതിനായി നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് കെഎൽ രാഹുലും ശ്രേയസ് അയ്യരുമുള്ളത്. കഴിഞ്ഞ വർഷം അവസാനത്തില്‍ കാര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തിരിച്ചുവരവിന്‍റെ പാതയിലുള്ള റിഷഭ് പന്തും ഇവരോടൊപ്പം ബെംഗളൂരുവിലുണ്ട്.
നേരത്തെ ബാറ്റിങ്, വിക്കറ്റ്-കീപ്പിങ് പരിശീലനം നടത്തുന്ന തന്‍റെ വിഡിയോ രാഹുല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ശ്രേയസിന്‍റെ പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ ബെംഗളൂരുവില്‍ രാഹുലിനൊപ്പം ശ്രേയസ് പരിശീലന മത്സരം കളിക്കുന്നതിന്‍റെ ദൃശ്യം പങ്കുവച്ചിരിക്കുകയാണ് പന്ത്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു തത്സമയ ക്രിക്കറ്റ് മത്സരം കാണുന്നു എന്നെഴുതിക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായാണ് പന്ത് ഇതിന്‍റെ ദൃശ്യം പങ്കിട്ടത്.
ഇന്ത്യന്‍ താരങ്ങള്‍ പരിശീലന മത്സരം കളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ കഴിഞ്ഞ മേയിലാണ് രാഹുലിനെ പരിക്ക് പിടികൂടിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യവെ താരത്തിന്‍റെ തുടയ്‌ക്കായിരുന്നു പരിക്കേറ്റത്. ഇതു ഭേദമാവുന്നതിനായി നേരത്തെ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്കും 31-കാരനായ രാഹുല്‍ വിധേയനായിരുന്നു.
മറുവശത്ത് പുറം വേദനയ്‌ക്ക് ലണ്ടനില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിന് ശേഷമാണ് 28-കാരനായ ശ്രേയസ് അയ്യര്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷം ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്‌ക്കായി രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു.