ഡെറാഡൂൺ:കാര്‍ അപകടത്തിന്‍റെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. റോഡിലെ കുഴിയോ കറുത്ത മറ്റെന്തോ വസ്തുക്കളോ ആണ് അപകടകാരണമെന്ന് പന്ത് പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ സന്ദര്‍ശന വേളയിലാണ് 25കാരനായ പന്ത് ഇക്കാര്യം പറഞ്ഞത്.
തുടര്‍ന്ന് ധാമി ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പറയുകയായിരുന്നു. യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പന്ത് പൊലീസിനോട് പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്ത് ചികിത്സയില്‍ കഴിയുന്ന ഡെറാഡൂണിലെ ആശുപത്രിയിലെത്തിയ പുഷ്‌കർ സിങ് ധാമി താരത്തിന്‍റെ കുടുംബവുമായും ഡോക്‌ടര്‍മാരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതേസമയം തുടർചികിത്സയെക്കുറിച്ച് ബിസിസിഐയും ഡോക്ടർമാരും ചേർന്ന് തീരുമാനമെടുക്കുമെന്ന പന്ത് പ്രതികരിച്ചു. നിലവിലെ ചികിത്സയില്‍ സംതൃപ്‌തനാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഡിസംബർ 30ന് ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്ത് അപകടത്തില്‍ പെടുന്നത്.
താരം സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. 25കാരന് ആറ് മാസം വരെ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വലത് കാൽമുട്ടിലെ ലിഗമെന്‍റിനേറ്റ പരിക്ക് ഭേദമാകാന്‍ മൂന്ന് മുതല്‍ ആറ് വരെ മാസങ്ങളെടുക്കുമെന്ന് റിഷികേഷ് എയിംസിലെ സ്‌പോര്‍ട്‌സ് ഇഞ്ച്വറി വിഭാഗം ഡോക്‌ടര്‍ ഖാസിം അസമാണ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.
ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും തുടര്‍ന്ന് നടക്കുന്ന ഐപിഎല്ലിലും 25കാരനായ പന്തിന് കളിക്കാന്‍ കഴിയില്ല. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് ഏറെ വിലപ്പെട്ട പരമ്പരയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്നത്. ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുന്ന പന്തിന്‍റെ അഭാവം ടീമിനെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്.
മറുവശത്ത് പന്തിന് പകരക്കാരനായി വരും സീസണിനായി ഇടക്കാല ക്യാപ്റ്റനെ ഡല്‍ഹിക്ക് തെരഞ്ഞെടുക്കേണ്ടി വരും. ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ബാറ്റര്‍ ഡേവിഡ് വാർണർക്ക് ചുമതല നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിന് മുന്നോടിയായി മാത്രമാവും ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുക.
Also read:സഞ്ജു സാംസണ്‍ ഉണ്ടാകുമോ ? ; ഏകദിന ലോകകപ്പിനുള്ള 20 താരങ്ങളുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ