മുംബൈ :ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നായകന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്. ലഭിക്കുന്ന അവസരങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താൻ പന്തിന് സാധിക്കുന്നില്ല. പന്തിന്‍റെ പ്രകടനത്തിൽ അങ്ങേയറ്റം നിരാശയാണുള്ളതെന്നും ശ്രീകാന്ത് പറഞ്ഞു.
പന്തിന് അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നും ഇടവേള നല്‍കി നിലമെച്ചപ്പെടുത്താന്‍ അവസരം നല്‍കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. "മാനേജ്മെന്‍റ് ശരിയായ വിധത്തിലല്ല പന്തിനെ കൈകാര്യം ചെയ്യുന്നത്. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും ഇടവേള നല്‍കി ഒരല്‍പം കാത്തിരിക്കാന്‍ പന്തിനോട് പറയണം.
ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് അവന്‍ ഫോം തെളിയിക്കട്ടെ. ഇടവേള നല്‍കുന്നതിനോ, മാറ്റുന്നതിനോ ഒന്നോ രണ്ട് മത്സരങ്ങളില്‍ കൂടെ കാത്തിരിക്കാം എന്നാണോ നിങ്ങള്‍ കരുതുന്നത് ?''- ശ്രീകാന്ത് ചോദിച്ചു.
"കിട്ടുന്ന ഒരവസരവും റിഷഭ് പന്ത് വിനിയോഗിക്കുന്നില്ല. ഇതില്‍ എനിക്ക് കടുത്ത നിരാശയുണ്ട്. എന്താണ് പന്തേയിത്? അവസരങ്ങള്‍ ഇത്തരത്തില്‍ കളഞ്ഞുകുളിക്കുന്നത് ശരിയാണോ?. ലോകകപ്പ് വരാനിരിക്കുന്നു.