കറാച്ചി:ഇംഗ്ലണ്ടിന് എതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിലെ പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്‍റെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഒന്നാം ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയിലേക്ക് ഇന്ത്യ പരുങ്ങിയിരുന്നു. തുടര്‍ന്ന് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പന്ത് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത്.
ആറാം വിക്കറ്റില്‍ 222 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. സമ്മര്‍ദ ഘട്ടത്തിലും ഏകദിന ശൈലിയില്‍ ബാറ്റുവീശിയ പന്ത് 111 പന്തില്‍ 146 റണ്‍സാണ് അടിച്ച് കൂട്ടിയത്. 89 പന്തിലാണ് റിഷഭ് പന്ത് സെഞ്ച്വറി തികച്ചത്. തുടര്‍ന്ന് 22 പന്തിലാണ് ബാക്കിയുള്ള 46 റണ്‍സ് താരം അടിച്ചെടുത്തത്.
പന്തിന്‍റെ ഈ പ്രകടനത്തെ അഭിനന്ദിച്ചവരുടെ നിരയിലേക്ക് ചേര്‍ന്നിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ റാഷിദ് ലത്തീഫ്. പന്ത് വിക്കറ്റ് കീപ്പര്‍മാരിലെ ബ്രയാൻ ലാറയാണെന്നാണ് റാഷിദ് ലത്തീഫ് പറയുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പാക് മുന്‍ നായകന്‍റെ പ്രതികരണം.