എഡ്‌ജ്‌ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 2000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ബാറ്ററനെന്ന നേട്ടം സ്വന്തമാക്കി റിഷഭ് പന്ത്. എഡ്‌ജ്‌ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലാണ് 24 കാരനായ പന്ത് സുപ്രധാന നേട്ടം സ്വന്തമാക്കിയത്. ഈ മത്സരത്തിനിറങ്ങും മുമ്പ് ടെസ്റ്റില്‍ 2000 റണ്‍സെന്ന നാഴികക്കലേക്ക് 80 റണ്‍സ് മാത്രമാണ് പന്തിന് വേണ്ടിയിരുന്നത്.
പേസർ മാറ്റി പോട്ട്‌സ് എറിഞ്ഞ 51ാം ഓവറിൽ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടിയാണ് പന്ത് സുപ്രധാന നേട്ടം ആഘോഷിച്ചത്. ഇന്നിങ്സില്‍ 111 പന്തില്‍ 19 ഫോറും നാല് സിക്‌സും പറത്തിയ താരം 146 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ച്ച നേരിടുമ്പോഴാണ് പന്തിന്‍റെ പ്രകടനമെന്നതും ശ്രദ്ധേയം.