ഹൈദരാബാദ്:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli). ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 543 റണ്‍സുമായി രണ്ടാം സ്ഥാനത്താണ് നിലവില്‍ കോലി. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശുന്ന വിരാട് കോലിക്ക് ലോകകപ്പില്‍ ഇതുവരെ രണ്ട് സെഞ്ച്വറികളും നാല് അര്‍ധസെഞ്ച്വറികളും നേടാനായിട്ടുണ്ട്.
ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിരാട് കോലിക്ക് സെഞ്ച്വറി നേടാനായി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 121 പന്ത് നേരിട്ട കോലി പുറത്താകാതെ 101 റണ്‍സായിരുന്നു നേടിയത്. പിറന്നാള്‍ ദിനത്തിലായിരുന്നു കോലിയുടെ സെഞ്ച്വറി നേട്ടം.
ഏകദിന ക്രിക്കറ്റ് കരിയറിലെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അതേ വേദിയില്‍ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളെന്ന നേട്ടത്തിലേക്ക് എത്താനും വിരാട് കോലിക്കായി. ഇതിന് പിന്നാലെ നിരവധി പ്രമുഖരായിരുന്നു താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ആ കൂട്ടത്തിലേക്കുള്ള ലേറ്റസ്റ്റ് എന്‍ട്രിയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ് (Ricky Ponting Praised Virat Kohli). ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍ വിരാട് കോലിയാണെന്നാണ് റിക്കി പോണ്ടിങ്ങിന്‍റെ അഭിപ്രായം.
'ഏറ്റവും മികച്ച ക്രിക്കറ്ററാണ് വിരാട് കോലി എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇക്കാര്യം കുറേയേറെ കാലമായി ഞാന്‍ പറയുന്നുമുണ്ട്. കോലിക്ക് ഒരിക്കലും സച്ചിന്‍റെ റെക്കോഡിനൊപ്പം എത്തുകയോ റെക്കോഡ് തകര്‍ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.