സിഡ്‌നി : ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കിത് കഷ്‌ടകാലമാണ്. സമീപകാലത്ത് ഫോര്‍മാറ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്ന 36കാരന് ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്‌ക്കിടെ പരിക്കേറ്റതോടെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്.
പരമ്പരയിലെ മൂന്ന് ഇന്നിങ്‌സുകളിലായി 26 റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. 2022 മുതൽക്കുള്ള കണക്കെടുക്കുകയാണെങ്കില്‍ ടെസ്റ്റിലെ വാര്‍ണറുടെ പ്രകടനം വലിയ ആശങ്കയ്‌ക്ക് വക നല്‍കുന്നതാണ്. 14 മത്സരങ്ങളിൽ നിന്നും 26.39 ശരാശരിയിൽ 607 റൺസ് മാത്രമാണ് താരം നേടിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലെ ഇരട്ട സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ വാര്‍ണറുടെ കാലം കഴിഞ്ഞോയെന്ന് ചോദ്യങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ക്ക് ഇടയില്‍ ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്.
ഇൻഡോറിൽ ഇന്ത്യയ്‌ക്കെതിരായ ഒമ്പത് വിക്കറ്റിന്‍റെ വിജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ച ഓസീസ് ടീമിലേക്ക് ഡേവിഡ് വാര്‍ണര്‍ മടങ്ങിയെത്തുമെന്നാണ് പോണ്ടിങ് വിശ്വസിക്കുന്നത്. 'ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ മാനേജ്‌മെന്‍റ് വാര്‍ണറെ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്.
അവർക്ക് ചില വലിയ തീരുമാനങ്ങൾ എടുക്കാനുണ്ട്. കാരണം യുകെയിലെ ഡേവിഡിന്‍റെ റെക്കോഡ് ലോകമെമ്പാടുമുള്ള മറ്റ് ചില സ്ഥലങ്ങളിൽ ഉള്ളതുപോലെ ശക്തമല്ല. എന്നാൽ ഇത് ഡേവിഡ് വാർണറുടെ ടെസ്റ്റ് കരിയറിന്‍റെ അവസാനമാണെന്ന് ഞാൻ കരുതുന്നില്ല.