ദുബായ് : ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെൻ സ്റ്റോക്‌സിന്‍റെ മാച്ച് വിന്നിങ് കഴിവുകളെ എംഎസ് ധോണിയുടേതിനോട് ഉപമിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ധോണിയെപ്പോലെ സമ്മർദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബെന്‍ സ്റ്റോക്‌സ് തന്‍റെ സമകാലികരേക്കാൾ വളരെ മുന്നിലാണെന്നാണ് റിക്കി പോണ്ടിങ് പറയുന്നത്. ഐസിസി റിവ്യൂവിന്‍റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഓസീസ് മുന്‍ നായകന്‍റെ പ്രതികരണം.
"കളിക്കാന്‍ ഇറങ്ങുന്നത് ഏത് സമയത്താണെങ്കിലും എല്ലാ അന്താരാഷ്‌ട്ര താരങ്ങളും സമ്മർദത്തിലായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, ബെൻ സ്റ്റോക്‌സ് മധ്യനിരയിലോ ബാറ്റിങ് ഓര്‍ഡറില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലോ ഇറങ്ങുമ്പോള്‍ സ്വയം കണ്ടെത്തി മറ്റുള്ളവരേക്കാളും കൂടുതൽ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുന്ന താരമാണ്.
അത്തരത്തിലൊരാളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്‍റെ മനസിലേക്ക് ആദ്യമെത്തുന്നത് എംഎസ് ധോണിയുടെ പേരാണ്. ഒരുപാട് ടി20 മത്സരങ്ങളില്‍ ധോണി ഫിനിഷറായിരുന്നിട്ടുണ്ട്. എന്നാൽ, ടെസ്റ്റ് മത്സരങ്ങളുടെ അവസാനത്തിലാണ് ബെൻ അത് ചെയ്യുന്നത്. ഇത്തരത്തിലുള്ള നിരവധി കളിക്കാരെ നമുക്ക് കാണാന്‍ കഴിയില്ല. പ്രത്യേകിച്ച് ക്യാപ്റ്റന്‍റെ പദവി വഹിക്കുന്ന കളിക്കാര്‍" - റിക്കി പോണ്ടിങ് പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആഷസ് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ സ്റ്റോക്‌സ് നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് റിക്കി പോണ്ടിങ്ങിന്‍റെ വാക്കുകള്‍. മത്സരത്തില്‍ അനായാസ വിജയം പ്രതീക്ഷിച്ച ഓസ്‌ട്രേലിയയെ വിറപ്പിച്ച ശേഷമായിരുന്നു ഇംഗ്ലണ്ട് കീഴടങ്ങിയത്. ഓസീസ് പേസ് ആക്രമണത്തിന് മുന്നില്‍ സഹതാരങ്ങള്‍ക്ക് പിടിച്ചുനല്‍ക്കാന്‍ കഴിയാതിരുന്നപ്പോള്‍ സെഞ്ചുറി നേടിയ സ്റ്റോക്‌സ് തിളങ്ങിയിരുന്നു.