ദുബായ് :ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനുള്ളത്. ബോളുകൊണ്ട് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെങ്കിലും ബാറ്റിങ്ങില്‍ മുന്‍നിരക്കാരെ പോലും നാണിപ്പിക്കുന്ന പ്രകടനമായിരുന്നു അക്‌സര്‍ നടത്തിയത്. ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ 29കാരന്‍ നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ചുറിയടക്കം 264 റണ്‍സാണ് അടിച്ചെടുത്തത്.
ഇതോടെ പരമ്പരയില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും മൊത്തത്തിലുള്ള റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതുമെത്താനും അക്‌സറിന് കഴിഞ്ഞു. പരമ്പരയില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് 29കാരന് വീഴ്‌ത്താന്‍ കഴിഞ്ഞത്.
ബാറ്റിങ്ങിലെ ഈ മിന്നും ഫോം ഈ മാസം 17ന് തുടങ്ങുന്ന ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലും ശേഷം ഐപിഎല്ലിലും തുടരാനായിരിക്കും അക്‌സറിന്‍റെ ശ്രമം. ഇതിനിടെ അക്‌സറിന്‍റെ ബാറ്റിങ്ങിലെ സാങ്കേതികമായ ഒരു പോരായ്‌മ പരിഹരിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിലാണ് പോണ്ടിങ്ങിന്‍റെ പ്രതികരണം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അക്‌സറിന്‍റെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്. "എനിക്ക് അക്‌സറിനെ വളരെക്കാലമായി അറിയാം, മുംബൈ ടീമിന്‍റെ ഭാഗമായിരുന്നത് മുതല്‍. കഴിഞ്ഞ രണ്ട് വർഷങ്ങളിലൊഴികെ, ഐപിഎല്ലിലോ, അന്താരാഷ്ട്ര തലത്തിലോ കാണിച്ചിട്ടില്ലാത്ത ബാറ്റിങ് വൈദഗ്‌ധ്യം അവനുണ്ടെന്നും എനിക്ക് അറിയാമായിരുന്നു.
അക്‌സറിന്‍റെ ബാറ്റിങ്ങില്‍ എപ്പോഴെങ്കിലും ഒരു ദൗർബല്യം ഉണ്ടായിട്ടുണ്ടെങ്കിൽ, അത് അവന്‍റെ ശരീരത്തിന് നേരെയുള്ള ഷോർട്ട് ബോളുകള്‍ ആയിരുന്നു. അത്തരം പന്തുകള്‍ കളിക്കുന്നതില്‍ അക്‌സര്‍ പ്രയാസപ്പെട്ടിരുന്നു. കാരണം അവന്‍റെ ഷോട്ടുകളില്‍ ഏറെയും ഓഫ്‌സൈഡിലേക്കായിരുന്നു.