പൂനെ :ലോകകപ്പ് ക്രിക്കറ്റില്‍ (Cricket World Cup 2023) ടീം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യനായ താരം രോഹിത് ശര്‍മ (Rohit Sharma) തന്നെയാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് (Ricky Ponting Hails Rohit Sharma's Captaincy). അവസാന ഘട്ടത്തിലേക്ക് ലോകകപ്പ് കടക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിന് രോഹിത് സജ്ജമായിട്ടുണ്ട്. രോഹിത്തിന്‍റെ മനോഭാവം കൊണ്ട് ഇന്ത്യന്‍ ടീമിന് ലോകകപ്പില്‍ ഉണ്ടാകുന്ന സമ്മര്‍ദങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നും റിക്കി പോണ്ടിങ് പറഞ്ഞു.
'ശാന്തനായ ഒരാളാണ് രോഹിത് ശര്‍മ. അയാള്‍ കളിക്കുന്ന രീതിയില്‍ പോലും അത് കാണാന്‍ കഴിയുന്നതാണ്. കളിക്കളത്തിന് അകത്തായാലും പുറത്തായാലും രോഹിത് അങ്ങനെ തന്നെയാണ്. മികച്ച ഒരു ബാറ്റര്‍ കൂടിയാണ് രോഹിത് ശര്‍മ. ഒരു ഘട്ടത്തിലും സമ്മര്‍ദം അയാളിലേക്ക് വരില്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. കാരണം, അത് ഈ ടൂര്‍ണമെന്‍റിന്‍റെ സ്വഭാവമാണ്. എന്നാല്‍ സമ്മര്‍ദങ്ങള്‍ ഉണ്ടായാല്‍ പോലും അതിനെ നേരിടാന്‍ രോഹിത്തിന് സാധിക്കും' - റിക്കി പോണ്ടിങ് പറഞ്ഞു.
വിരാട് കോലിയെ നായകസ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ 2021ല്‍ ആയിരുന്നു 36കാരനായ രോഹിത് ശര്‍മ ഇന്ത്യയുടെ ക്യാപ്‌റ്റന്‍സി ഏറ്റെടുക്കുന്നത്. കോലിയുടെ കീഴിലായിരുന്നു 2019ല്‍ ടീം ഇന്ത്യ ലോകകപ്പ് കളിച്ചത്. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തിലാണ് അക്കുറി ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചത്.
ആ മത്സരത്തില്‍ മുന്‍നിരയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. ഈ സാഹചര്യം കൂടി വിലയിരുത്തി ലോകകപ്പിലെ സമ്മര്‍ദം കൈകാര്യം ചെയ്യുന്നതില്‍ കോലിയേക്കാള്‍ കേമന്‍ രോഹിത് ശര്‍മ ആയിരിക്കുമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.