ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പല സംഘങ്ങളായിട്ടായിരുന്നു ടീം കലാശപ്പോരില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്കെത്തിയത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തില്‍ വിരാട് കോലി, ഉമേഷ് യാദവ്, ശര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് ആദ്യം ഇന്ത്യയില്‍ നിന്നും യുകെയിലേക്കെത്തിയത്.
പിന്നാലെയാണ് നായകന്‍ രോഹിത് ശര്‍മ്മ, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നത്. ഐപിഎല്‍ ഫൈനല്‍ മത്സരം പൂര്‍ത്തിയായതോടെ ശുഭ്‌മാന്‍ ഗില്‍, രവീന്ദ്ര ജഡേജ ഉള്‍പ്പടെയുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസത്തോടെ ടീമിനൊപ്പം ചേരുകയും ചെയ്‌തു.
ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ലീഗായ ടി20 ബ്ലാസ്റ്റ് നടക്കുന്ന സമയമായതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യക്ക് പരിശീലന മത്സരം കളിക്കാന്‍ സാധിക്കില്ല. ഈ അവസരത്തില്‍ ഇന്‍ട്രാ സ്ക്വാഡ് മത്സരമായിരിക്കും ടീം കളിക്കുക. ഒരുക്കങ്ങളെല്ലാം ഇങ്ങനെ തകൃതിയായി നടക്കുന്നതിനിടെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരായ ചേതേശ്വര്‍ പുജാരയും വിരാട് കോലിയുമാകും ഓസ്‌ട്രേലിയന്‍ ടീമിന് വെല്ലുവിളിയുയര്‍ത്തുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കോലിയും പുജാരയുമാകും ഇന്ത്യന്‍ ടീമിന്‍റെ പ്രധാന താരങ്ങള്‍. ഇരുവരെയും അതിവേഗം പുറത്താക്കാനായിരിക്കും ഓസ്‌ട്രേലിയ ശ്രമിക്കുന്നതെന്നും പോണ്ടിങ് പറഞ്ഞു. ഐസിസി റിവ്യൂ പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ ഓസീസ് നായകന്‍റെ പ്രതികരണം.
'ഓസ്‌ട്രേലിയന്‍ ടീം വിരാട് കോലിയെ കുറിച്ച് സംസാരിക്കുമെന്നതില്‍ സംശയമില്ല. അവര്‍ ചേതേശ്വര്‍ പുജാരയെ കുറിച്ചും ചര്‍ച്ച ചെയ്യും. അവര്‍ രണ്ടാളുമാകും ഇന്ത്യന്‍ നിരയില്‍ പ്രധാനികള്‍.