പൂനെ :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ. തുടര്‍ച്ചയായ നാലാം മത്സരവും ജയിച്ച് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെ സജീവമാക്കാന്‍ സാധിച്ചിട്ടുണ്ട്. പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യ തകര്‍ത്തത് (India vs Bangladesh Match Result).
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ (Virat Kohli) അന്താരാഷ്ട്ര കരിയറിലെ 78-ാം സെഞ്ച്വറിയും ഏകദിന ക്രിക്കറ്റിലെ 48-ാം സെഞ്ച്വറിയും പിറന്ന മത്സരമായിരുന്നു ഇത്. ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 97 പന്ത് നേരിട്ട വിരാട് കോലി 103 റണ്‍സ് നേടി പുറത്താകാതെയാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. ഈ സെഞ്ച്വറി നേട്ടത്തിലേക്ക് കോലി എത്തുന്നതിന് പ്രധാന പങ്ക് വഹിച്ച ഒരാള്‍ കെഎല്‍ രാഹുലാണ് (KL Rahul).
രാഹുലിന്‍റെ സുമനസിനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍, വിരാടിന്‍റെ സെഞ്ച്വറിയില്‍ ഏറെ ചര്‍ച്ചയാകുന്ന മറ്റൊരു വിഷയമാണ് മത്സരത്തില്‍ ഫീല്‍ഡ് അമ്പയറായിരുന്ന റിച്ചാര്‍ഡ് കെറ്റില്‍ബറോയെടുത്ത ഒരു തീരുമാനം (Richard Kettleborough). ഇന്ത്യ ജയത്തിലേക്ക് എത്തിയ 42-ാം ഓവറിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്(Richard Kettleborough Wide Controversy).
ബംഗ്ലാദേശ് സ്പിന്നര്‍ നാസും അഹമദ് പന്തെറിയാന്‍ എത്തുമ്പോള്‍ അവസാന 9 ഓവറില്‍ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ കേവലം 2 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന വിരാട് കോലിക്ക് ഈ സമയം സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 3 റണ്‍സ് വേണമായിരുന്നു. 42-ാം ഓവറിലെ ആദ്യ പന്ത് കോലിയുടെ ലെഗ് സൈഡിലേക്കായിരുന്നു നാസും എറിഞ്ഞത്.