ക്യൂൻസ്‌ടൗണ്‍: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടെങ്കിലും അഭിമാന നേട്ടവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിത താരത്തിന്‍റെ അതിവേഗ അര്‍ധ സെഞ്ചുറി എന്ന റെക്കോഡാണ് റിച്ച സ്വന്തമാക്കിയത്.
26 പന്തിലാണ് താരം അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. നാല് വീതം സിക്‌സും ഫോറുമാണ് താരം പായിച്ചത്. 52 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്‌കോററായാണ് റിച്ച ക്രീസ് വിട്ടത്.
നേരത്തെ വേദ കൃഷ്ണമൂര്‍ത്തിയുടെ പേരിലായിരുന്നു ഈ റെക്കോഡുണ്ടായിരുന്നത്. 2018-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 32 പന്തുകളില്‍ നിന്നാണ് വേദയുടെ അര്‍ധ സെഞ്ചുറി നേട്ടം. ന്യൂസിലന്‍ഡിനെതിരായ ഈ പരമ്പരയില്‍ തന്നെ 33 പന്തിൽ അര്‍ധ സെഞ്ചുറി നേടിയ സബ്ബിനേനി മേഘ്നയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
അതേസമയം മഴകാരണം ടി20 ആയി ചുരുക്കിയ മത്സരത്തിൽ 63 റണ്‍സിന്‍റെ കൂറ്റൻ തോൽവിയാണ് ഇന്ത്യൻ വനിതകൾ വഴങ്ങിയത്. ന്യൂസിലൻഡിന്‍റെ 192 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 17.5 ഓവറിൽ 128 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു.