മുംബൈ :ഏറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പോസ്റ്റര്‍ ബോയ് ആണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേര്‍ പിന്തുടരുന്ന 34-കാരനായ താരം നിലവില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ കായികതാരങ്ങളില്‍ ഒരാളാണ്. ക്രിക്കറ്റിന് പുറമെ പരസ്യങ്ങളിലൂടെയും കോടികളാണ് കോലി സമ്പാദിക്കുന്നത്.
ഇക്കാലയളവില്‍ താരത്തിന് ഏത്ര രൂപയുടെ ആസ്‌തിയുണ്ടാവുമെന്ന് ചിലരെങ്കിലും ചിന്തിച്ചുകാണുമെന്നുറപ്പ്. ഇപ്പോഴിതാ ഈ ചോദ്യത്തിനുള്ള ഉത്തരം പുറത്തുവന്നിരിക്കുകയാണ്. വിരാട് കോലിക്ക് 1,050 കോടി രൂപയുടെ ആസ്‌തിയുണ്ടെന്നാണ് ട്രേഡിങ്-ഇൻവെസ്റ്റിങ് കമ്പനിയായ സ്റ്റോക്ക് ഗ്രോ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും ഉയർന്ന ആസ്‌തിയാണിത്.
ബിസിസിയുമായുള്ള വാര്‍ഷിക കരാറില്‍ എ പ്ലസ് വിഭാഗത്തിലുള്ള കോലി 7 കോടി രൂപയാണ് നേടുന്നത്. കളിക്കുന്ന ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് 3 ലക്ഷം രൂപയുമാണ് താരത്തിന്‍റെ മാച്ച് ഫീ. ഇതുകൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎൽ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കരാറിൽ നിന്ന് പ്രതിവർഷം 15 കോടി രൂപയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടുന്നത്.
ഒന്നിലധികം ബ്രാൻഡുകളും സ്വന്തമാക്കിയ താരം ബ്ലൂ ട്രൈബ്, യൂണിവേഴ്‌സല്‍ സ്‌പോർട്‌സ്ബിസ്, എംപിഎൽ, സ്‌പോർട്‌സ് കോൺവോ എന്നിവ ഉൾപ്പെടുന്ന ഏഴ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 18-ലധികം ബ്രാൻഡുകള്‍ക്കായും താരം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പരസ്യം ചിത്രീകരിക്കുന്നതിന് പ്രതിവർഷം 7.50 മുതൽ 10 കോടി വരെയാണ് കോലി ഈടാക്കുന്നത്.