ബിര്‍മിങ്ഹാം:വനിത ക്രിക്കറ്റില്‍ എന്നും ആധിപത്യം പുലര്‍ത്തുന്ന ടീമാണ് ഓസ്‌ട്രേലിയ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഉയര്‍ത്തിയ 155 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം കരുത്തുറ്റ ഓസീസ് ബാറ്റിങ് നിര അനായാസം മറികടക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എളുപ്പത്തില്‍ ജയം സ്വന്തമാക്കാനിറങ്ങിയ കങ്കാരുപ്പടയെ മത്സരത്തിനിറങ്ങിയ ഹിമാചല്‍ പ്രദേശ് സ്വദേശി രേണുക സിങ് ഠാക്കൂര്‍ വെള്ളം കുടിപ്പിക്കുന്ന കാഴ്‌ചയ്‌ക്കാണ് ക്രിക്കറ്റ് ആരാധകര്‍ ബര്‍മിങ്‌ഹാമില്‍ സാക്ഷ്യം വഹിച്ചത്.
പവര്‍പ്ലേയില്‍ തന്നെ ഓസീസിന്‍റെ നാല് പ്രധാന മുന്‍നിര ബാറ്റര്‍മാരെയും രേണുക പവലിയനിലേക്കയച്ചു. ആദ്യ ആറോവറില്‍ മൂന്നും എറിഞ്ഞ ഇന്ത്യൻ പേസര്‍ 12 റണ്‍സ് വിട്ട് കൊടുത്താണ് 4 വിക്കറ്റ് സ്വന്തമാക്കിയത്. അലീസ ഹീലി (0), ബെത്ത് മൂണി (10), ക്യാപ്റ്റന്‍ മെഗ് ലാനിങ് (8), താഹില മക്‌ഗ്രാത്ത് (14) എന്നിവരാണ് രേണുകയുടെ മാജിക് സ്‌പെല്ലില്‍ പുറത്തായത്.