ലോര്‍ഡ്‌സ്: ഇന്ത്യയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്‍റെ വിജയത്തില്‍ നിർണായക പങ്കാണ് പേസര്‍ റീസ് ടോപ്‌ലിയ്‌ക്കുള്ളത്. ആറ് വിക്കറ്റ് വീഴ്‌ത്തിയ താരത്തിന്‍റെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 9.5 ഓവറില്‍ രണ്ട് മെയ്‌ഡനുകളടക്കം 24 റൺസ് മാത്രം വഴങ്ങിയാണ് ടോപ്‌ലിയുടെ ആറ് വിക്കറ്റ് നേട്ടം.
ഇതോടെ വലിയ ചില നേട്ടങ്ങളും സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു. ഏകദിനത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ബോളറെന്ന റെക്കോഡ് ഉള്‍പ്പെടെയാണ് ടോപ്‌ലി സ്വന്തമാക്കിയത്. 17 വര്‍ഷം മുന്‍പ് പോൾ കോളിങ്‌വുഡ് സ്ഥാപിച്ച റെക്കോഡാണ് ടോപ്‌ലി തകര്‍ത്തത്. 2005ൽ ബംഗ്ലാദേശിന് എതിരെ 10 ഓവറിൽ 31 റൺസ് വഴങ്ങി ആറ് വിക്കറ്റുകളായിരുന്നു കോളിങ്‌വുഡിന്‍റെ നേട്ടം.
ഇരുവരെയും കൂടാതെ ക്രിസ് വോക്‌സും ഇംഗ്ലണ്ടിനായി ഏകദിനത്തിൽ ആറ് വിക്കറ്റ് നേട്ടം ആഘോഷിച്ചിട്ടുണ്ട്. 2011ല്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ 10 ഓവറില്‍ 46 റണ്‍സും, 2014ല്‍ ശ്രീലങ്കയ്‌ക്ക് എതിരെ എട്ട് ഓവറില്‍ 48 റണ്‍സ് വഴങ്ങിയുമായിരുന്നു വോക്‌സിന്‍റെ പ്രകടനം.