ധര്‍മ്മശാല :ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ ന്യൂസിലന്‍ഡ് (India vs New Zealand) വമ്പന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. തുടര്‍ച്ചയായ അഞ്ചാം ജയം തേടി ഇന്ത്യയും ന്യൂസിലന്‍ഡും ഇറങ്ങുമ്പോള്‍ തീപാറും പോരാട്ടമാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ടോസ് വീഴുന്ന മത്സരം രണ്ട് മണിക്കാണ് ആരംഭിക്കുന്നത്.
ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളെ വീഴ്‌ത്തിയാണ് ടീം ഇന്ത്യയുടെ വരവ്. നാല് മത്സരവും ജയിച്ച് എട്ട് പോയിന്‍റോടെ നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് രോഹിത് ശര്‍മയും (Rohit Sharma) കൂട്ടരും. ഇന്ന് കിവീസിനെ തോല്‍പ്പിക്കാനായാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കും.
ആദ്യ നാല് മത്സരങ്ങളിലും എതിരാളികള്‍ക്കെതിരെ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് ഇന്ത്യ കളി ജയിച്ചത്. നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി എന്നിവരുടെ ഫോം ഇന്ത്യയ്‌ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതൊന്നുമായിരിക്കില്ല. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ട് മൂന്ന് സ്ഥാനങ്ങളിലാണ് രോഹിതും കോലിയും.
ധര്‍മ്മശാലയില്‍ കിവീസിനെ നേരിടാന്‍ ഇന്ത്യ ഇറങ്ങുമ്പോഴും ആരാധകര്‍ ഉറ്റുനോക്കുന്നത് രോഹിതിന്‍റെയും കോലിയുടെയും ബാറ്റിലേക്കാണ്. മുന്‍ മത്സരങ്ങളിലെ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ പ്രീമിയം ബാറ്റര്‍മാരായ ഇരുവര്‍ക്കും ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലൂടെ ചില നേട്ടങ്ങളും സ്വന്തമാക്കാം.