ബാര്‍ബഡോസ് :വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) പരമ്പരയോടെയാണ് ഇന്ത്യ (India) ഐസിസി ഏകദിന ലോകകപ്പിലേക്കുള്ള (ICC ODI World Cup) യാത്ര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് വിന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുന്നത്. കരീബിയന്‍ കരുത്തന്മാര്‍ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ കരിയറില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും (Rohit Sharma) സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെയും (Virat Kohli) വരവ്.
വരുന്ന, ഏഷ്യ കപ്പിലും (Asia Cup) ഏകദിന ലോകകപ്പിലും ഇരുവരുമാണ് ഇന്ത്യയുടെ പ്രധാന താരങ്ങള്‍. അടുത്തിടെ വിന്‍ഡീസിനെതിരെ അവസാനിച്ച ടെസ്റ്റ് പരമ്പരയില്‍ രോഹിതും വിരാട് കോലിയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്‌ചവച്ചത്. ഏകദിന പരമ്പരയിലും ഇരുവരും ഈ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഏകദിന ക്രിക്കറ്റില്‍ 13,000 റണ്‍സ് എന്ന നേട്ടത്തിലെത്താന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് 102 റണ്‍സാണ് ഇനി ആവശ്യം. നിലവില്‍ 274 മത്സരങ്ങള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടുള്ള താരം 57.32 ശരാശരിയില്‍ 12,898 റണ്‍സാണ് നേടിയിട്ടുള്ളത്. 46 സെഞ്ച്വറികളും 65 അര്‍ധ സെഞ്ച്വറികളും താരത്തിന്‍റെ കരിയറിലുണ്ട്.
നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (18,426), കുമാര്‍ സംഗക്കാര (14,234), റിക്കി പോണ്ടിങ് (13,704), സനത് ജയസൂര്യ (13,430) എന്നിവരാണ് കോലിക്ക് മുന്നിലുള്ള താരങ്ങള്‍.